അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവും, അഭിനന്ദിച്ച് മന്ത്രി

വീടിനുള്ളില്‍ കയറിയ അക്രമിയെ കരാട്ടെയും ആത്മധൈര്യവും കൊണ്ടു നേരിട്ട അനഘയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫോണില്‍ വിളിച്ചാണ് മന്ത്രി അനഘയെ അഭിനന്ദിച്ചത്. അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവുമാണെന്നും മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ.

‘വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ പ്രതിരോധിക്കുകയും അയാള്‍ക്ക് പിന്തിരിഞ്ഞോടേണ്ട ഗതി ഉണ്ടാക്കുകയും ചെയ്ത അനഘ എന്ന മിടുമിടുക്കിക്ക് എല്ലാവിധ അഭിനന്ദനങ്ങളും. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവും ആണ്’. എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


രാവിലെ ഏഴരക്ക് അടുക്കള വാതില്‍ പൂട്ടാന്‍ ചെന്നപ്പോഴാണ് വാതിലിന് പിറകില്‍ പതുങ്ങിയ അക്രമിയുടെ നിഴല്‍ അനഘയുടെ ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവരും ഒരുനിമിഷം പകച്ചു നില്‍ക്കുന്ന ഈ വേളയിലും, പക്ഷെ അനഘ പതറിയില്ല. അക്രമി അറിയാതെ അനഘ അടുക്കളയില്‍ നിന്ന് ഒരു കത്തി കൈക്കലാക്കി അക്രമിയെ നേരിട്ടു.

എന്നാല്‍, മല്‍പ്പിടിത്തത്തിനിടെ അനഘയുടെ കൈയില്‍ ഉണ്ടായിരുന്ന കത്തി അക്രമി കൈക്കലാക്കി. രണ്ടു തവണ കഴുത്തിന് നേരെ കത്തി വീശിയെങ്കിലും പിന്നോട്ട് മാറി അനഘ രക്ഷപ്പെട്ടു. അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ അനഘയുടെ കൈയില്‍ മുറിവേറ്റു. തുടര്‍ന്ന് അക്രമി അനഘയുടെ വാ പൊത്തിപിടിച്ചു ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. ഇതോടെയാണ് അനഘയ്ക്കുള്ളിലെ കരാട്ടെ ബ്‌ളാക്ക് ബെല്‍റ്റുകാരി ഉണര്‍ന്നത്. പിന്നെ അക്രമിയുടെ അടിവയറിലേക്ക് മുട്ടുകൊണ്ട് ചവിട്ടി, അടുത്തുണ്ടായിരുന്ന തേങ്ങ എടുത്ത് അയാളുടെ തലയില്‍ അടിച്ചു. ഇതോടെ അക്രമി ജീവനുംകൊണ്ട് മതില്‍ ചാടി സ്ഥലം വിട്ടു.സംഭവത്തിന് പിന്നാലെ ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം അറിഞ്ഞു നാട്ടുകാരെല്ലാം ഓടിക്കൂടി. അനഘയുടെ ധീരതയില്‍ എല്ലാവരും അത്ഭുതപ്പെട്ടു. പത്ത് വര്‍ഷമായി അനഘ കരാട്ടെ അഭ്യസിക്കുന്നുണ്ട്. പ്രതി രണ്ടു ദിവസമായി പരിസര പ്രദേശങ്ങളില്‍ കറങ്ങി നടക്കുന്നുണ്ടെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിയെ ധൈര്യം കൊണ്ട് നേരിട്ട അനഘയെ പൊലീസ് അഭിനന്ദിച്ചു. നാട്ടുകാരുടെ താരമാണ് അനഘ ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News