ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി; മേഘാലയയില്‍ എന്‍പിപി, നാഗാലാന്‍ഡില്‍ ബിജെപി

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിപുരയില്‍ ആകെയുള്ള 60 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ തുടക്കത്തില്‍ ലഭിച്ച ലീഡില്‍ നിന്നും വളരെ പിന്നോട്ട് പോയിരിക്കുകയാണ് ബിജെപി. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപി തിരിച്ചടി നേരിടുകയാണ്. ഒരു ഘട്ടത്തില്‍ ഇടത് മുന്നണി സഖ്യം ഭരണകക്ഷിയായ ബിജെപിയെ ലീഡ് നിലയില്‍ പിന്നിലാക്കിയിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ലഭിക്കുന്ന ഫലസൂചനകള്‍. നേരിയ ഭൂരിപക്ഷത്തില്‍ ബിജെപി ലീഡ് ചെയ്യുന്ന പല മണ്ഡലങ്ങളിലും ലീഡ് നില മാറിമറിയാനാണ് സാധ്യത.

എന്നാല്‍ കേവല ഭൂരിപക്ഷമായ 31ലേക്ക് ആര്‍ക്കും കടക്കാന്‍ കഴിയാത്ത തരത്തിലുള്ള പോരാട്ടമാണ് ത്രിപുരയില്‍ നടക്കുന്നത് എന്നാണ് നിലവിലെ ഫലസൂചനകള്‍ നല്‍കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന ത്രിപുരയില്‍ ആര് ഭരിക്കും എന്നത് ഗോത്രവര്‍ഗ്ഗ പാര്‍ട്ടിയായ ത്രിപ്രമോത തീരുമാനിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മേഘാലയയില്‍ ആകെ 60 സീറ്റുള്ളതില്‍ 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍റാഡ് സാംഗ്മയുടെ എന്‍പിപി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ശക്തമായ ചതുഷ്‌ക്കോണമത്സരം നടന്ന മേഘാലയയില്‍ എന്‍പിപി വളരെ മുന്നിലാണെങ്കിലും കേവല ഭൂരിപക്ഷം കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്‍പി പിക്ക് സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ബിജെപിയുടേയോ, തൃണമൂലിന്റേയോ, കോണ്‍ഗ്രസിന്റെയോ പിന്തുണ വേണ്ടി വരും എന്ന ഫലസൂചനകളാണ് ഏറ്റവും ഒടുവില്‍ മേഘാലയയില്‍ നിന്നും ലഭിക്കുന്നത്.

നാഗാലാന്‍ഡില്‍ ബിജെപി തന്നെയാണ് മുന്നില്‍. ബഹുദൂരം മുന്നിലുള്ള ബി ജെ പി ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രധാനമായും മത്സര രംഗത്തുണ്ടായ എന്‍പിഎഫിനോ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല എന്ന ഫലസൂചനകളാണ് നാഗാലാന്റില്‍ നിന്നും ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News