ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചലനമുണ്ടാക്കുന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചലനമുണ്ടാക്കുന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാന്‍ നിഷ്പക്ഷ സംവിധാനം വേണമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമനത്തില്‍ നിഷ്പക്ഷ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുപ്രധാന നിയമനങ്ങള്‍ നടത്താന്‍ സമിതിയെ തീരുമാനിക്കണമെന്നാണ് കോടതി ഉത്തരവ്. സിബിഐ ഡയറക്ടര്‍മാരെ നിയമിക്കുന്ന മാതൃകയില്‍ സമിതിക്ക് രൂപം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന സമിതി രൂപികരിക്കാനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശം.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ രാഷ്ട്രപതി നിയമിക്കുന്ന രീതിക്ക് മാറ്റം വരുത്തണമെന്നാണ് കോടതി വിധിച്ചിരുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നും രാഷ്ട്രപതി നിയമനം നടത്തണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കെഎം ജോസഫായിരുന്നു നിര്‍ണ്ണായക വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍. ജസ്റ്റിസ് കെഎം ജോസഫും ജസ്റ്റിസ് അജയ് റുസ്തഗിയും ആണ് വിധികള്‍ പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അനിരുദ്ധ ബോസ്, സിടി രവികുമാര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാറാണ്. ഈ സംവിധാനം തുടരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ കേന്ദ്രത്തിന്റെ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. വിരമിക്കലിന്റെ വക്കിലെത്തിയ ഉദ്യോഗസ്ഥരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കുന്ന നിലവിലെ രീതി യുക്തിസഹമാണോ എന്നും വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് കോടതി ചോദിച്ചിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച രീതിയെ ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് കെഎ ജോസഫ് നേരത്തേ അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള തിടുക്കം എന്തിനായിരുന്നു? അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് എങ്ങനെയാണ് പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്‌തെന്നും ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News