അമേരിക്കയില്‍ ‘തലച്ചോര്‍ തിന്നുന്ന’ അമീബ : ഒരു മരണം

അമേരിക്കയില്‍ അവിശ്വസിനീയമായ അപൂര്‍വ്വ അണുബാധ ഒരാളുടെ ജീവനെടുത്തു. ഫ്‌ളോറിഡയിലാണ് ‘തലച്ചോര്‍ തിന്നുന്ന’ അപൂര്‍വ്വ അമീബ മനുഷ്യ ജീവനെടുത്തിരിക്കുന്നത്. പൈപ്പ് വെള്ളത്തില്‍ നിന്ന് മൂക്കില്‍ക്കൂടിയാണ് നെഗ്ലേരിയ ഫൗളറി എന്ന തലച്ചോര്‍ തിന്നുന്ന അമീബ ഇയാളുടെ തലച്ചോറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.

ഇയാള്‍ പൈപ്പ് വെള്ളത്തില്‍ മൂക്ക് കഴുകിയിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം അത് തുടര്‍ന്നതാകാം അമീബ ശരീരത്തിനുള്ളില്‍ കടക്കാന്‍ കാരണം എന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ഫെബ്രുവരി 20ന് രോഗി മരിച്ചതായും സിഡിസി വ്യക്തമാക്കുന്നു.

യുഎസിലെ ശൈത്യകാല മാസങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള മാരകവും അപകടകരവുമായ ആദ്യ അണുബാധയാണിതെന്നും സിഡിസി പറഞ്ഞു.

മരിച്ചയാള്‍ എവിടെയാണ് താമസിക്കുന്നതെന്ന വിവരങ്ങള്‍ സിഡിസി പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ സണ്‍ഷൈന്‍ സ്റ്റേറ്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാര്‍ലറ്റ് കൗണ്ടിയില്‍ നെഗ്ലേരിയ ഫൗളറിയുടെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News