ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മേഘാലയയില്‍ തിരിച്ചടി

ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മേഘാലയയില്‍ തിരിച്ചടി. 59 സീറ്റില്‍ 30 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തിന് അര്‍ഹത നേടാന്‍ ഒരു പാര്‍ട്ടിക്കും സാധിച്ചില്ല. 25 സീറ്റുമായി എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേസമയം മേഘാലയയില്‍ സഖ്യ ചര്‍ച്ചകള്‍ സജീവമാണ്.

വിവാദങ്ങള്‍ ഏറെ ഉയര്‍ന്നിട്ടും, നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അമിത് ഷായും മമത ബാനര്‍ജിയും മാറി മാറി പ്രചാരണത്തിന് എത്തിയിട്ടും മേഘാലയയിലെ ജനങ്ങള്‍ കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഒപ്പം നിന്നു. മേഘാലയയില്‍ വോട്ടെണ്ണല്‍ അവസാനിച്ചു എങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല.

കോണ്‍റാട് സാങ്മ നയിക്കുന്ന എന്‍പിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യസാധ്യത എന്‍പിപി പരിശോധിച്ചേക്കും. സംഖ്യ തികയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ബിജെപിയുമായി എന്‍പിപി വീണ്ടും സഖ്യമുണ്ടാക്കിയേക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍ ബിജെപിയെ പിന്തള്ളി പ്രാദേശിക കക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചതോടെ മേഘാലയയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ഇതോടെ മുന്‍ സഖ്യകക്ഷിയായ യുഡിപിയുമായി എന്‍പിപി സഖ്യം ഉണ്ടാക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്നടിയുന്ന കാഴ്ചകള്‍ക്കും നാഗാലാന്‍ഡ് സാക്ഷ്യം വഹിച്ചു. എന്‍പിപിയുടെ സഖ്യകക്ഷിയായിരുന്ന ബിജെപി തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം വിട്ട് ഒറ്റയ്ക്കാണ് മത്സരിച്ചത്. പക്ഷെ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. എന്തായാലും വരും ദിവസങ്ങളില്‍ നാഗാലാന്‍ഡില്‍ സഖ്യ രൂപീകരണത്തിനായി വിലപേശലുകളും, വലിയ ചര്‍ച്ചകളും നടക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here