ഉള്ളിയുടെ വിലയിടിഞ്ഞു, കേന്ദ്രത്തിന്റെ കൈത്താങ്ങ് വില ഉയര്‍ത്തുമോ

ഗാര്‍ഹിക-വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് വിലവര്‍ദ്ധിപ്പിച്ച തീരുമാനത്തിന് പിന്നാലെ ഉള്ളി കര്‍ഷകരെ സമാശ്വസിപ്പിക്കാന്‍ കേന്ദ്രം. ഖാരിഫ് സീസണില്‍ വിളവെടുത്ത ഉള്ളി, കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ നാഫെഡിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ദിവസങ്ങള്‍ക്ക് മുമ്പ് ഉള്ളിയുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് നാസിക്കിലെ ലസല്‍ഗാവില്‍ കര്‍ഷകര്‍ വ്യാപാരം നിര്‍ത്തിവച്ചിരുന്നു. രണ്ടാഴ്ച മുമ്പ് താപനിലയില്‍ ഉണ്ടായ പെട്ടെന്നുള്ള ഉയര്‍ച്ചയാണ് ഉള്ളിവിലയിടിവിന് കാരണമായത്. ഖാരിഖ് വിളയായി വരുന്ന ഉള്ളിയില്‍ ഈര്‍പ്പം കൂടുതലായിരിക്കും. പരമാവധി നാലുമാസം മാത്രമാണ് അത് സംഭരിച്ച് വയ്ക്കാന്‍ സാധിക്കുക. പെട്ടെന്ന് താപനില ഉയര്‍ന്നതോടെ ഉള്ളിയുടെ ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിനും കാരണമായത്. വിലയിടിവിനെ തുടര്‍ന്ന് ഉള്ളിലേലം നിര്‍ത്തി വയ്ക്കുമെന്ന് ഉല്‍പാദകരുടെ അസോസിയേഷന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ലസല്‍ഗാവിലെ കര്‍ഷകരില്‍ നിന്നും ഉള്ളി സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നാഫെഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയില്‍ പ്രതിഫലിക്കുമോയെന്നാണ് കര്‍ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. താഴെ പോയ ഉള്ളിവില താങ്ങി നിര്‍ത്താന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ എത്രമാത്രം സഹായിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News