തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീംകോടതി വിധി ചരിത്രപരം: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം ചരിത്രപരമാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇപ്പോള്‍ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു പാനലായിരിക്കണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിര്‍ദേശിക്കേണ്ടതെന്നും എംപി കുറിച്ചു.

ഇതുപോലെ ഒരു സ്വതന്ത്ര സ്വഭാവം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടാകാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം താന്‍ രാജ്യസഭയില്‍ ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നുവെന്നും എംപി കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആ ബില്ലില്‍ ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കര്‍ എന്നിവരുടെ ഒരു സമിതിയാണ് ഈ നിയമനത്തിന് വേണ്ടി നിര്‍ദ്ദേശിച്ചിരുന്നത്. അതില്‍ ചെറിയൊരു ഭേദഗതി മാത്രമേ സുപ്രീംകോടതി വരുത്തിയിട്ടുള്ളു എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  കുറിപ്പിൽ വ്യക്തമാക്കി.

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സർക്കാരിൽ നിന്ന് സ്വതന്ത്രമാക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം ചരിത്രപരമാണ്. ഇപ്പോൾ ഏകപക്ഷീയമായി കേന്ദ്ര സർക്കാരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു അംഗങ്ങളെയും നിയമിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം പ്രധാന മന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു പാനലായിരിക്കണം ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ നിർദേശിക്കേണ്ടത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇതുപോലെ ഒരു സ്വതന്ത്ര സ്വഭാവം തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടാകാൻ വേണ്ടി കഴിഞ്ഞ വര്ഷം ഞാൻ രാജ്യ സഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ആ ബില്ലിൽ ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ എന്നിവരുടെ ഒരു സമിതിയാണ് ഈ നിയമനത്തിന് വേണ്ടി നിർദേശിച്ചിരുന്നത്. അതിൽ ചെറിയൊരു ഭേദഗതി മാത്രമേ സുപ്രീം കോടതി വരുത്തിയിട്ടുള്ളു. അതെ സമയം തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായിട്ടുള്ള ഒരു സെക്രട്ടേറിയറ്റ് വേണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. അതും ഇന്നത്തെ സുപ്രീം കോടതി വിധിയിൽ ഉണ്ടെന്നുള്ളത് സന്തോഷകരമാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തില്‍ സുതാര്യതയും നിഷ്പക്ഷതയും നീതിയും ഉറപ്പാക്കുന്നതിനായി എംപി 2022ല്‍ രാജ്യസഭയില്‍ ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിച്ചിരുന്നു. സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ച വിധിയിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും അടങ്ങുന്ന സ്വകാര്യ ബില്ലായിരുന്നു രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിച്ചത്. ഈ ബില്ല് ഇപ്പോഴും സഭയുടെ പരിഗണനയിലാണ്.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാന്‍ നിഷ്പക്ഷ സംവിധാനം വേണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഇന്നത്തെ നിര്‍ണായക വിധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമനത്തില്‍ നിഷ്പക്ഷ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുപ്രധാന നിയമനങ്ങള്‍ നടത്താന്‍ സമിതിയെ തീരുമാനിക്കണമെന്നാണ് കോടതി ഉത്തരവ്. സിബിഐ ഡയറക്ടര്‍മാരെ നിയമിക്കുന്ന മാതൃകയില്‍ സമിതിക്ക് രൂപം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന സമിതി രൂപികരിക്കാനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശം.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ രാഷ്ട്രപതി നിയമിക്കുന്ന രീതിക്ക് മാറ്റം വരുത്തണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നും രാഷ്ട്രപതി നിയമനം നടത്തണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കെഎം ജോസഫായിരുന്നു നിര്‍ണ്ണായക വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍. ജസ്റ്റിസ് കെഎം ജോസഫും ജസ്റ്റിസ് അജയ് റുസ്തഗിയും ആണ് വിധികള്‍ പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, അനിരുദ്ധ ബോസ്, സിടി രവികുമാര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel