രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ടി.സിദ്ദിഖിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായി മുഖ്യമന്ത്രി.

ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഒരു തരത്തിലും സര്‍ക്കാര്‍ കുറച്ച് കാണുന്നില്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേല്‍ ഭീതിയുടെ ചിറകുകള്‍ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

ക്വട്ടേഷന്‍ സംഘങ്ങളുടെയും തണലില്‍ പ്രവര്‍ത്തിക്കുന്നതല്ല ഇടതുപക്ഷം. പ്രത്യേകിച്ച് സിപിഐഎം. ഇവിടെ പ്രതിപാദിച്ച വ്യക്തി സമൂഹത്തിനും പരാമര്‍ശിച്ച പാര്‍ട്ടിക്കും അംഗീകരിക്കാനാവാത്ത പ്രശ്‌നങ്ങളില്‍ പങ്കാളിയാകുമ്പോള്‍ അത് അതേപോലെ വകവച്ചുകൊടുക്കുന്ന ശീലമല്ല സിപിഐഎമ്മിനുള്ളത്. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സാധാരണ രീതിയില്‍ സ്വീകരിക്കാറില്ല. തിരുത്താന്‍ ശ്രമിക്കും. അതിന് ഫലമില്ലാതെ വരുമ്പോള്‍ നടപടിയിലേക്ക് കടക്കും. അതാണ് സിപിഐഎം രീതി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സിപിഐഎമ്മിനകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകള്‍ക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യര്‍ക്കുള്ള ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടാകാം. അതില്‍ തിരുത്താന്‍ പറ്റുന്നവ തിരുത്തും. അല്ലാത്തവയില്‍ നടപടിയിലേക്ക് കടക്കും. തെറ്റുകള്‍ മറച്ചുവെച്ച് സംരക്ഷിക്കുന്ന രീതി സിപിഐഎമ്മിനില്ല. അതിനോട് ഒരു തരത്തിലും പൊറുക്കാറില്ല. പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ കണ്ടാല്‍ സ്വാഭാവികമായും പാര്‍ട്ടിക്ക് പുറത്താകും. അത്തരം ചിലര്‍ ചിലപ്പോള്‍ വല്ലാത്ത ശത്രുതയോടെ പാര്‍ട്ടിയോട് പെരുമാറുന്നുണ്ട്. അതില്‍ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതൊന്നും സിപിഐമ്മിനെ ബാധിക്കുന്ന കാര്യമല്ല. അതിന്റെ ഭാഗമായി തെറ്റു ചെയ്തവരെ മഹത്വവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിധി കല്‍പിക്കേണ്ടത് നീതിന്യായ സംവിധാനങ്ങളാണ്. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ടി.സിദ്ധിഖിനെതിരെയും ചില സുപ്രധാന നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ കേസിലടക്കം നിയമം അതിന്റെ വഴിക്കാണ് പോകേണ്ടത്. നിയമപരമായ നടപടികള്‍ സ്വാഭാവികമായും സ്വീകരിക്കും. അത് ആരുടേയും മുഖം നോക്കാതെ തന്നെ സ്വീകരിക്കും. അതില്‍ ആര്‍ക്കും സംശയമോ ആശങ്കയോ വേണ്ടതില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം തൃപ്തികരമായതിനെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ എഎന്‍.ഷംസീര്‍ അനുമതി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News