അമിതാഭ് ബച്ചന്റെയും ധോണിയുടേയും പേരില്‍ തട്ടിപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടേയും ബോളിവുഡ് അഭിനേതാക്കളുടേയും പേരില്‍ തട്ടിപ്പ്. സെലിബ്രിറ്റികളുടെ പാന്‍കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 5പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിനേതാക്കളായ അഭിഷേക് ബച്ചന്‍, ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷിത്, ഇമ്രാന്‍ ഹാഷ്മി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെയെല്ലാം വിവരങ്ങള്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സാഹാദ്ര രോഹിത് മീണ പറഞ്ഞു.

പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഫിന്‍ടെക്കിന്റെ വണ്‍ കാര്‍ഡിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് സെലിബ്രിറ്റികളുടെ പേരില്‍ തട്ടിപ്പ് നടത്തിയത്. ക്രെഡിറ്റ് കാര്‍ഡിനായുള്ള വിഡിയോ വെരിഫിക്കേഷന്‍ സമയത്ത് സെലിബ്രേറ്റികളുടെ പാന്‍കാര്‍ഡിന്റെ അതേ നമ്പറില്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കേസിന്റെ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പറുകളില്‍ നിന്നാണ് തട്ടിപ്പുകാര്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചത്. ഇത് ഉപയോഗിച്ച് എടുത്ത ക്രെഡിറ്റ് കാര്‍ഡില്‍ 21 ലക്ഷം രൂപയുടെ ഇടപാടുകളും തട്ടിപ്പുകാര്‍ നടത്തിയിട്ടുണ്ട്.

പുനീത്, മൊഹദ് ആസിഫ്, സുനില്‍ കുമാര്‍, പങ്കജ് മിഷാര്‍, വിശ്വ ഭാസ്‌കര്‍ ശര്‍മ്മ എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ജിഎസ്ടി നമ്പറിലെ ആദ്യത്തെ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തിന്റെ കോഡാണെന്നും മറ്റ് അക്കങ്ങള്‍ പാന്‍കാര്‍ഡ് നമ്പറാണെന്നും പ്രതികള്‍ മനസിലാക്കിയിരിക്കുന്നു. ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമായ സെലിബ്രേറ്റികളുടെ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News