മോദിയുടേത് വെറും വ്യാമോഹം മാത്രം; പരിഹസിച്ച് സിപിഐഎം നേതാക്കള്‍

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വ്യാമോഹമാണെന്നും ബിജെപിയുടെ വര്‍ഗീയ വിദ്വേഷ അജണ്ടകളെ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി നടത്തുന്ന ന്യൂനപക്ഷ വേട്ടകളെക്കുറിച്ച് ബോധ്യമുള്ളവരാണ് കേരള ജനതയെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മോദിയുടേത് അതിരുകവിഞ്ഞ മോഹമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംഘപരിവാറില്‍ നിന്ന് പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടില്‍ എത്താനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് വിചാരിക്കുന്നത് ഭീമമായ അബദ്ധമാണ്. വര്‍ഗീയശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

പകല്‍സ്വപ്നം കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. നിയമസഭയില്‍ ഉണ്ടായിരുന്ന അക്കൗണ്ടും പൂട്ടിച്ചെന്നും, കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് സഖ്യമെന്നും എം.എ ബേബി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലര്‍ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വര്‍ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓര്‍മ്മിപ്പിച്ചവരാണ് മലയാളികള്‍. ആര്‍എസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും. മറിച്ചു സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കളയാത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേരളത്തില്‍ സിപിഐഎമ്മാണ് ബിജെപിക്ക് സാഹചര്യമൊരുക്കുന്നത് എന്നായിരുന്നു പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News