വൈകിയെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റലില്‍ പ്രവേശനാനുമതി നിഷേധിച്ച വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു. നടപടി ആവശ്യപ്പെട്ട് എസ്എച്ച് കോളേജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ച എസ്എഫ്ഐ സമരത്തെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വാര്‍ഡനെ മാനേജ്മെന്റ്് സസ്പെന്‍ഡ് ചെയ്തത്. വാര്‍ഡന്‍ പ്രവേശനാനുമതി നിഷേധിച്ച വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ചിരുന്നു.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലായ പ്രതിഭയില്‍ വൈകിട്ട് 6.30നുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രവേശിക്കണമെന്നാണ് ചട്ടം. എന്നാല്‍ കോളേജിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി നടത്തിയ ഫെസ്റ്റിനെ തുടര്‍ന്ന് മിനിറ്റുകള്‍ വൈകി ഹോസ്റ്റലില്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വാര്‍ഡന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ഹോസ്റ്റലിന് വെളിയില്‍ ചെലവഴിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ തെരുവുനായ ആക്രമിക്കുന്ന സംഭവവും ഉണ്ടായി. ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം അറിയിക്കാനായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാവാത്ത വാര്‍ഡന്‍ നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനും തയ്യാറായില്ല. പിന്നീട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കം ഇടപെട്ടാണ് പെണ്‍കുട്ടിക്ക് അടിയന്തിര ചികിത്സ നല്‍കിയത്. നിരുത്തരവാദ സമീപനം പുലര്‍ത്തുന്ന വാര്‍ഡനെതിരെ ഹോസ്റ്റലിനു മുന്നില്‍ എസ്എഫ്ഐ പ്രതിഷേധം അറിയിച്ചിരുന്നു. വാര്‍ഡന്റെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തത്.
ഹോസ്റ്റല്‍ വാര്‍ഡനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത കോളേജ് മാനേജ്മെന്റ് ഹോസ്റ്റല്‍ സമയമടക്കം പ്രധാന അജണ്ടയായി ചര്‍ച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രതിനിധികളെ അടക്കം ഉള്‍പ്പെടുത്തി ഹോസ്റ്റല്‍ വിഷയങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റിയും രൂപീകരിക്കും. ക്യാമ്പസിലും ഹോസ്റ്റല്‍ സമയത്തിലും അടക്കം ലിംഗ നീതി ആവശ്യപ്പെട്ട് തുടര്‍പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് തേവര കോളേജിലെ വിദ്യാര്‍ഥികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here