വിവാദ പ്രസ്താവന; എം.കെ രാഘവനെ തള്ളി ഡിസിസി റിപ്പോര്‍ട്ട്

വിവാദ പ്രസ്താവനയില്‍ എം.കെ രാഘവന്‍ എംപിയെ തള്ളി കോഴിക്കോട് ഡിസിസി, കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊതുവേദിയിലെ പരസ്യ വിമര്‍ശനം ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എം.കെ രാഘവന്‍ പറഞ്ഞത് ലോകം കണ്ടതാണ്, മാധ്യമങ്ങളിലൂടെ കേട്ടതാണ്. പാര്‍ട്ടി വേദിയില്‍ പറയേണ്ടത് പരസ്യമായി പറയരുത് എന്ന നിര്‍ദേശം കോണ്‍ഗ്രസിലും ഉണ്ടെന്നും അത് പാലിക്കപ്പെടണമെന്നും ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കെപിസിസി നേതൃത്വത്തിനെതിരായ എം.കെ.രാഘവന്‍ എംപിയുടെ വിമര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം. കോഴിക്കോട് ഡിസിസി പ്രസിഡന്റിനോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചു.

രാഘവന്റെ പ്രസ്താവനയില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയാണുള്ളത്. പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്നും ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു.

സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണം എന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് വിമര്‍ശിച്ച എംകെ.രാഘവന്‍ കെപിസിസി ലിസ്റ്റ് ഇന്നുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത്, അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താവുമെന്ന് ചിന്തിക്കണമെന്നും കോഴിക്കോട് രാഘവന്‍ പറഞ്ഞിരുന്നു.

ലീഗില്‍വരെ തെരഞ്ഞെടുപ്പ് നടന്നിട്ടും നമ്മുടെ പാര്‍ട്ടിയില്‍ എന്നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ചോദിച്ച എം.കെ.രാഘവന്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് ഇനിയെങ്കിലും പാഠം പഠിക്കണമെന്നും തോല്‍വിക്ക് ഉത്തരവാദികള്‍ അണികളല്ലെന്നും രാഘവന്‍ ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here