ത്രിപുരയില്‍ വീണ്ടും ബിജെപി ആക്രമണം; സിപിഐഎം പ്രവര്‍ത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകര്‍ത്തു

ത്രിപുരയില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സംസ്ഥാനത്തൊട്ടാകെ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് ഇന്നുണ്ടായത്. ബലോണിയയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകര്‍ത്തു. ടെലിയമുറയില്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഖേയര്‍പൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. വ്യാപക അക്രമത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ വെസ്റ്റ് ത്രിപുര ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കമല്‍പൂര്‍ ഖോവായ്, അഗര്‍ത്തല, ഉള്‍പ്പെടെയുള്ള മേഖലകളിലെ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബിജെപി ആക്രമണങ്ങള്‍ നടത്തുകയും തീ വെയ്ക്കുകയും ചെയ്തു. ബിജെപിയുടെ പൈശാചിക പ്രവര്‍ത്തിയില്‍ ഭരണകൂടം ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

2018 ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ ആരംഭിച്ചതാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വ്യാപക അക്രമം. ജനുവരി ആദ്യവാരം മാത്രം സിപിഐഎമ്മിന് നേരെ ഉണ്ടായത് ഏഴോളം ആക്രമണങ്ങളാണ്. പലതവണയാണ് സിപിഐഎം കേന്ദ്ര നേതൃത്വങ്ങള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ ബിജെപി അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്.

ത്രിപുര തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസത്തിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ അരക്ഷിതാവസ്ഥ മുന്നില്‍കണ്ട് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിരന്തര ആക്രമണങ്ങളിലൂടെയും പണത്തിന്റെ സ്വാധീനമുപയോഗിച്ചുമാണ് ബിജെപി അധികാരം നിലനിര്‍ത്തുന്നതെന്ന ഗുരുതരാരോപണം നിലനില്‍ക്കെയാണ് ബിജെപി വീണ്ടും അക്രമരാഷ്ട്രീയം പുറത്തെടുക്കുന്നത്

അതേസമയം ത്രിപുരയിലെ അക്രമത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ബിജെപി അഴിച്ചുവിട്ടത് ക്രൂരമായ അക്രമപരമ്പരയാണെന്ന് യെച്ചൂരി പറഞ്ഞു

തെരഞ്ഞെടുപ്പുകളില്‍ എല്ലായ്‌പ്പോഴും വിജയികളും പരാജിതരും ഉണ്ടെന്നും ജനാധിപത്യവും നിയമവും സംരക്ഷിക്കാന്‍ ത്രിപുരയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും യെച്ചൂരി തന്റെ ട്വീറ്ററിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News