
ഐഎസ്എൽ പ്ലേ ഓഫ് റൗണ്ടിലെ ആദ്യ മത്സരം വിവാദ ഗോളിൽ ജയിച്ച് കേറി ബംഗളൂരു എഫ്സി സെമി ഫൈനലിൽ. എക്സ്ട്ര ടൈമിന്റെ ആറാം മിനിറ്റിൽ സുനിൽ ചേത്രി എടുത്ത വിവാദ ഫ്രീ കിക്കിൽ റഫറി ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടതിനെ തുടർന്നാണ് ബംഗളൂരു എഫ്സിയെ വിജയിയായി പ്രഖ്യാപിച്ചത് .
നാടകീയമായ രംഗങ്ങൾക്കാണ് ബംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയം ഇന്ന് സാക്ഷിയായത്. മത്സരത്തിന്റെ ഇരു പകുതികളിലുമായി 90 മിനിറ്റ് കളിച്ചിട്ടും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ ആറാം മിറ്റിൽ കളി സമനിലയിൽ നിൽക്കുമ്പോൾ ആയിരുന്നു വിവാദ ഗോൾ വന്നത്.ഫ്രീകിക്ക് ഡിഫൻഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര ഒരുങ്ങും മുമ്പ് സുനിൽ ചേത്രി കേരള ബ്ളാസ്റ്റേഴ്സിന്റെ ഗോൾ പോസ്റ്റ് നോക്കി ഫ്രീ കിക്ക് തൊടുത്തു.
സുനിൽ ചേത്രി നേടിയ ഈ ഗോൾ റഫറി അനുവദിച്ചതോടെ പിന്നീട് ശ്രീ കണ്ടീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ഐഎസ്എൽ ചത്രിത്രത്തിൽ ഇന്ന് വരെ കാണാത്ത രംഗങ്ങൾക്കാണ്. ഗോൾ അംഗീകരിക്കാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഇതോടെ മാച്ച് കമ്മീഷണർ മത്സരത്തിലെ വിജയിയായി ബെംഗളൂരു എഫ്സിയെ പ്രഖ്യാപിച്ചു.
അംഗീകരിക്കാൻ ആകില്ല എന്ന് താരങ്ങളും പരിശീലകനും തീരുമാനിച്ചതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്ക്കരിച്ചത്.കോച്ച് ഇവാൻ വുകമാനോവിച് താരങ്ങളോട് കളം വിടാൻ ആവശ്യപ്പെടുകയും പിന്നാലെ ടീം കളം വിടുകയും ചെയ്തു.നോക്കൗട്ടിലെ നിർണായകമായ മത്സരത്തിൽ റഫറിയുടെ തെറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം റഫറി ഫ്രീകിക്ക് എടുക്കാൻ മൗനാനുവാദം തന്നതിനെ തുടർന്നാണ് ഫ്രീ കിക്ക് എടുത്തതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ചേത്രി പ്രതികരിച്ചു.
ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം കളി പൂർത്തിയാക്കാതെ പുറത്ത് പോകുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം.മത്സരത്തിലെ വിജയികളായ ബംഗളൂരു എഫ്സി ആദ്യ സെമിയിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here