കെപിസിസി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്

കെപിസിസി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. എം.കെ രാഘവന്റെ പ്രതികരണം ഇതിന്റെ തുടര്‍ച്ചയെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഘവനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ എം.കെ രാഘവന്റെ ഈ പ്രതികരണം കരുതിക്കൂട്ടിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ചതുമുതല്‍ രാഘവന്‍ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടാണ്. എം.കെ രാഘവനെ അന്നേ നോട്ടമിട്ടിരുന്നതാണ് കെ.സി വേണുഗോപാല്‍ വിഭാഗം. അതുകൊണ്ടുതന്നെ പരസ്യപ്രതികരണത്തില്‍ രാഘവനെതിരെ നടപടി വേണമെന്നാണ് ഔദ്യോഗിക വിഭാഗം നേതാക്കളുടെ നിലപാട്.

എന്നാല്‍ സംഘടന പുനഃസംഘടന മുതല്‍ കെപിസിസി രഹസ്യപട്ടിക വരെയുള്ള കാര്യങ്ങളില്‍ നേതൃത്വത്തിനെതിരെ ആദ്യ പ്രതികരണം നടത്തുന്ന നേതാവല്ല എം.കെ രാഘവന്‍. പ്ലീനറി സമ്മേളന വേദിയില്‍ വെച്ചുതന്നെ കൊടിക്കുന്നില്‍ സുരേഷും രമേശ് ചെന്നിത്തലയും രംഗത്തെത്തി. എംപിമാര്‍ പലരും ഹൈക്കമാന്റിനെ കണ്ട് പരാതി അറിയിച്ചു. ചില എംപിമാര്‍ പുനഃസംഘടന വൈകുന്നതില്‍ പരസ്യപ്രതികരണവും നടത്തി.

ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത കെപിസിസി രാഘവനെതിരെ തിരിഞ്ഞാല്‍ പ്രശ്നം രൂക്ഷമാകും. മാത്രമല്ല കെപിസിസി രഹസ്യപട്ടികയിലും ബ്ലോക്ക്- ഡിസിസി തല പുനഃസംഘനയിലും എ വിഭാഗം നേതാക്കളും അതൃപ്തരാണ്. കൂടാതെ എ.കെ ആന്റണിയുടെ ശക്തമായ പിന്തുണയുള്ള നേതാവാണ് എം.കെ രാഘവന്‍. മാത്രമല്ല തരൂര്‍ വിഭാഗത്തിന്റെ കേരളത്തിലെ ലീഡറായ രാഘവനെതിരെ നീങ്ങിയാല്‍ അതൃപ്ത വിഭാഗങ്ങളുടെ പിന്തുണയും രാഘവന് അനുകൂലമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News