മായികം, ധ്രുവങ്ങളിലെ ഈ ആകാശതിരശ്ശീല

അതുല്യ രാമചന്ദ്രന്‍

അനന്തമായി കിടക്കുന്ന ചക്രവാളത്തിന്റെ ഒരു കോണില്‍ നിന്ന് തീനാളമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പ്രകാശത്തിന്റെ ഒരു നാട പ്രത്യക്ഷപ്പെടുന്നു. ഇത് പിന്നീട് കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിലുള്ള വര്‍ണ്ണങ്ങളില്‍ വിവിധ നാടകളായി ആകാശം മുഴുവന്‍ നിറയുന്നു. അവ അങ്ങിനെ തങ്ങി നിന്ന് ആകാശത്തെ ദീപ്തമാക്കുന്നു. ഭൂഗോളത്തിന്റെ ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന അസാധാരണമായ പ്രകാശപ്രതിഭാസമായ ധ്രുവദീപ്തിയെക്കുറിച്ചാണ് പറയുന്നത്. സൂര്യനിലെ സൗരക്കാറ്റില്‍ നിന്ന് വരുന്ന ചാര്‍ജിത കണങ്ങളെ ഭൂമിയുടെ കാന്തികവലയം ആകര്‍ഷിക്കുന്നു. ഇങ്ങിനെ വരുന്ന കണങ്ങള്‍ ഭൂമിയിലൂടെ അന്തരീക്ഷത്തിലുള്ള വാതകതന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശ പ്രസരണമാണ് ആകാശത്തു പ്രത്യക്ഷപ്പെടുന്ന ഈ നിറക്കാഴ്ച.

പച്ച, ചുവപ്പ്, നീല, പിങ്ക് എന്നീ വര്‍ണ്ണങ്ങളിലാണ് ധ്രുവദീപ്തി ദൃശ്യമാകുക. ധ്രുവദീപ്തി വലിയ തോതില്‍ പ്രത്യക്ഷപ്പെടുന്ന കാലമാണ് മാര്‍ച്ച് മാസം. തെളിഞ്ഞ ആകാശമുള്ളപ്പോള്‍, ഗാലക്‌സികള്‍ക്ക് പശ്ചാത്തലമൊരുക്കിക്കൊണ്ട് പ്രത്യക്ഷപ്പെടുന്ന ദീപ്തിയുടെ മനോഹാരിതയെക്കുറിച്ച് തന്റെ ഫിന്‍ലന്‍ഡ് യാത്രയില്‍ എസ് കെ പൊറ്റെക്കാട്ട് പറയുന്നുണ്ട്. സൗരക്കാറ്റുകള്‍ക്ക് ശക്തി കൂടുതലുള്ളപ്പോള്‍ ദീപ്തി കടും ചുവപ്പ് നിറത്തിലായിരിക്കും.രാത്രിയുടെ ആരംഭത്തില്‍ തന്നെ ധ്രുവദീപ്തി പ്രത്യക്ഷമാകുമെങ്കിലും അര്‍ധരാത്രിയോടടുപ്പിച്ചാണ് ഇത് ഏറ്റവും തീക്ഷ്ണമായി കാണപ്പെടുന്നത്. ചാന്ദ്രവെളിച്ചമുള്ള രാത്രികളില്‍ ദീപ്തി മങ്ങിയായിരിക്കും കാണപ്പെടുക. മഞ്ഞ കലര്‍ന്ന പച്ച നിറമാണ് ദീപ്തികളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഒരേസമയം തന്നെ വിവിധ നിറങ്ങളില്‍ ധ്രുവദീപ്തി പ്രത്യക്ഷപ്പെടാറുണ്ട്. രാത്രി 12നും 2നും ഇടയില്‍ തീക്ഷ്ണമാകുന്ന ദീപ്തി ഇടയ്ക്ക് മങ്ങിപ്പോകുകയും വീണ്ടും തെളിഞ്ഞു വരികയും ചെയ്യും. ദീപ്തിയുടെ തീവ്രതയിലും വര്‍ണ്ണത്തിലും ഈ ആവര്‍ത്തനങ്ങളില്‍ വ്യത്യാസങ്ങളുണ്ടായിരിക്കും.

ദക്ഷിണധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന ദീപ്തിയെ അറോറ ഓസ്‌ട്രേലിസ് (Aurora Australis) എന്നും ഉത്തരധ്രുവപ്രദേശത്ത് കാണപ്പെടുന്നവയെ അറോറ ബോറിയാലിസ് (Aurora Borealis) അഥവാ ഉത്തരദീപ്തി എന്നും വിളിക്കുന്നു. ദക്ഷിണഭൂഗോളത്തില്‍ അന്റാര്‍ട്ടിക്കയിലാണ് ദീപ്തി ദൃശ്യമാകുക. ഉത്തരഭൂഗോളത്തില്‍ ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക, ഹഡ്‌സണ്‍ ഉള്‍ക്കടല്‍, ലാബ്രഡോര്‍, നോര്‍വേ, സ്വീഡന്‍, സൈബീരിയയുടെ വടക്കന്‍തീരം, ഫിന്‍ലന്‍ഡ് മുതലായവയെല്ലാം അറോറ മേഖലയില്‍പ്പെടുന്നു. സൂര്യനും ഭൂമിയുടെ ധ്രുവങ്ങളും ചേര്‍ന്നൊരുക്കുന്ന ഈ വര്‍ണ്ണ വിസ്മയത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളും കഥകളും ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. സ്വീഡനില്‍, ദീപ്തിയെ നല്ല വാര്‍ത്തകളുടെ അടയാളമായാണ് കണക്കാക്കുന്നത്. തീകുറുക്കന്‍ മഞ്ഞിലൂടെ ഓടുമ്പോള്‍ വാലില്‍ നിന്ന് ചിതറിത്തെറിക്കുന്ന തീപ്പൊരികളുടെ പ്രതിഫലനമാണെന്നാണ് ഫിന്‍ലന്‍ഡുകാരുടെ വിശ്വാസം. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആത്മാവാണ് ധ്രുവദീപ്തിയായി വരുന്നതെന്നാണ് ഗ്രീന്‍ലാന്‍ഡുകാര്‍ കരുതുന്നത്.

വിദൂരതയില്‍ സൂര്യനില്‍ നിന്ന് വരുന്ന ഒരു ജ്വലനം, അത് ഭൂമിയുടെ അന്തരീക്ഷത്തിനു മുകളില്‍ അഴിച്ചിട്ട തിരശ്ശീല പോലെ തീര്‍ക്കുന്ന വര്‍ണ്ണസമ്മേളനം. ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട മായികകാഴ്ചകളിലൊന്നായി ധ്രുവദീപ്തിയെ അടയാളപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News