മേഘാലയയിൽ കോൺറാഡ് സാംഗ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും

മേഘാലയയിൽ പ്രതിപക്ഷ പാർട്ടികൾ  സർക്കാർ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവേ  മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നും തനിക്ക് 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും കോൺറാഡ് സാംഗ്മ അവകാശപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.പ്രതിപക്ഷ പാർട്ടികളെ യോജിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസ്  നേതാവ് മുകുൾ സാംഗ്മയുടെ നേതൃത്വത്തിൽ ചർച്ചകൾ  സജീവമായി നടക്കുന്നതിനിടെയാണ്  സത്യപ്രതിജ്ഞ ചെയ്യുമെന്ന് സാംഗ്മ പ്രഖ്യാപിച്ചത്.

അതേസമയം, മേഘാലയയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡില്‍ ഏഴിനും ത്രിപുരയില്‍ എട്ടിനും സത്യപ്രതിജ്ഞ നടക്കും.

60 അംഗ മേഘാലയ നിയമസഭയിലെ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ എന്‍.പി.പി 26 സീറ്റുകളില്‍ വിജയിച്ചു. ഫലം വന്ന് കഴിഞ്ഞപ്പോള്‍ ബി.ജെ.പി എന്‍.പി.പിക്ക് പിന്തുണയുമായെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ എന്‍.പി.പിയ്ക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ സഖ്യം പുനഃസ്ഥാപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here