ആറ്റുകാല്‍ പൊങ്കാല; തലസ്ഥാന നഗരത്തില്‍ ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനായി തലസ്ഥാന നഗരി ഒരുങ്ങി. പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തില്‍ എത്തുക. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. പൊങ്കാലയിടാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാര്‍ക്ക് ചെയ്യരുതെന്ന് സിറ്റി. പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

വേനലില്‍ തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്‌നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാല്‍ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം. വനിതകള്‍ ഉള്‍പ്പെടെ 130 സിവില്‍ ഡിഫന്‍സ് വാളന്റിയര്‍മാരാകും സുരക്ഷ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക.

കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷമെത്തുന്ന പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ 10.30ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ ചടങ്ങ് തുടക്കമാകും. ഉച്ചയ്ക്ക് 2 30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

മന്ത്രി വി ശിവന്‍കുട്ടി ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായും സര്‍ക്കാര്‍ എല്ലാ മുന്നോരുക്കങ്ങള്‍ സ്വീകരിച്ചതായും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ക്ഷേത്രത്തിലും നഗരത്തിലുമായി 3000ത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കും.

300 സേനാ അംഗങ്ങളെയാണ് അഗ്‌നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് ഒരുക്കും. 35 ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, എന്നിവരുടെ സംഘമുണ്ടാകും. .

പൊങ്കാലയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതിലും കൂടുതല്‍ ഭക്തജനങ്ങള്‍ ദര്‍ശനത്തിനായി എത്തും. ഇതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മാര്‍ച്ച് 8ന് രാത്രിയില്‍ കാപ്പഴിച്ച് കുടിയിളക്കിയശേഷം പുലര്‍ച്ചെ ഒരുമണിക്ക് നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് ഉത്സവം സമാപിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here