റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടിത്തം, വീടുകള്‍ കത്തിനശിച്ചു

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ ക്യാമ്പ് 11-ലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി വീടുകളാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. ഇതോടെ ആയിരങ്ങള്‍ തെരുവില്‍ കഴിയേണ്ട അവസ്ഥയിലാണ്.

2021 മാര്‍ച്ചില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 15 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. മ്യാന്‍മറില്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്ന് പലായനം ചെയ്ത് 2017 ല്‍ ബംഗ്ലാദേശിലെത്തിയവരാണ് ഇവര്‍.

അതേസമയം, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കി വന്ന സാമ്പത്തിക സഹായം ഐക്യരാഷ്ട്രസഭ വെട്ടിക്കുറച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായ പത്ത് ലക്ഷത്തിലധികം വരുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കടുത്ത പട്ടിണിയിലും ഭക്ഷ്യക്ഷാമത്തിലുമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എന്നിന്റെ ആഗോള ഭക്ഷ്യ സുരക്ഷയിനത്തില്‍ നല്‍കി വന്ന സംഭാവനയില്‍ ഏകദേശം 125 മില്യണ്‍ യു.എസ് ഡോളറിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ആളൊന്നിന് നല്‍കി വന്ന 12 ഡോളര്‍ 10 ഡോളറായി കുറച്ചിട്ടുമുണ്ട്. ലോകരാഷ്ട്രങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നല്‍കിവരുന്ന പണത്തില്‍ ഇനിയും കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍ ബംഗ്ലാദേശ് ക്യാമ്പുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് നിലവില്‍ സ്വയം തൊഴില്‍ ചെയ്യാനും വരുമാനം കണ്ടെത്താനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ പട്ടിണി മരണവും പോഷകാഹാരക്കുറവും ഇവിടെ തുടര്‍ക്കഥയാണ്. 2017ലെ മ്യാന്‍മര്‍ കൂട്ടക്കൊലകാലത്ത് ബോട്ടില്‍ കയറി രാജ്യം വിട്ട പത്ത് ലക്ഷത്തിനടുത്ത് റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നുന്നതെന്നാണ് യു.എന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മ്യാന്‍മാര്‍ സര്‍ക്കാര്‍ ഇവരെ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ബംഗ്ലാദേശ് സര്‍ക്കാരും നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel