ഹര്‍ഷിനയ്ക്ക് പിന്തുണ നല്‍കും: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയെ വീട്ടിലെത്തി സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഹര്‍ഷിനയുടെ പന്തീരാങ്കാവിലുള്ള വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ഹര്‍ഷിനയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് സതീദേവി ഉറപ്പു നല്‍കി. വീഴ്ച ഉണ്ടായത് ആരുടെ ഭാഗത്ത് നിന്നായാലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും സതീദേവി പറഞ്ഞു.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയപ്പോള്‍ തന്നെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്ന് ശസ്ത്രക്രിയയ്ക്കുപയോഗിച്ച കത്രികയാണ് വയറ്റില്‍ കുടുങ്ങിയതെന്നാണ് ഹര്‍ഷിന പറയുന്നത്. സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നില്‍ സമരത്തിലായിരുന്നു. എന്നാല്‍ ഈ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് തെളിഞ്ഞിട്ടില്ല. അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയോഗിച്ച രണ്ട് വിദഗ്ധ സമിതിയുടെയും റിപ്പോര്‍ട്ടില്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നാണ് പറയുന്നത് .

ഏഴുദിവസമായി തുടര്‍ന്ന സമരം രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ഹര്‍ഷിന അവസാനിപ്പിച്ചത്. ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു തീരുമാനം. ശനിയാഴ്ച വൈകീട് സമരപ്പന്തലിലെത്തിയാണ് മന്ത്രി വീണ ജോര്‍ജ് ഹര്‍ഷിനയെ കണ്ടത് .സര്‍ക്കാര്‍ ഹര്‍ഷിനയ്ക്കൊപ്പമാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News