പരീക്ഷകാലത്ത് ഭക്ഷണക്രമത്തിലും ചിട്ടയാവാം

പരീക്ഷാക്കാലമായി. ചിട്ടയായ പഠനത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ശീലിക്കേണ്ട കാലം. നല്ല ഭക്ഷണശീലങ്ങള്‍ ബുദ്ധിക്ക് ഉണര്‍വ് നല്‍കുന്നു. അമിതഭക്ഷണം, തെറ്റായ ഭക്ഷണം, ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം ആരോഗ്യത്തേയും പഠനത്തെയും ബാധിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യകരമായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കണം. ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജ്ജത്തിന്റെയും പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തില്‍ നിന്ന് ലഭിച്ചിരിക്കണം.

ആവിയില്‍ വേവിച്ച ഭക്ഷണമാണ് ദഹനത്തിന് നല്ലത്. പ്രഭാത ഭക്ഷണത്തില്‍ ഒരു ഗ്ലാസ്സ് പാല്‍, ഒരു മുട്ട എന്നിവകൂടി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ഇടനേര ആഹാരമായി ലഘുഭക്ഷണം നല്‍കാം. ലഘുഭക്ഷണം പോഷകസമ്പുഷ്ടമാവാന്‍ ശ്രദ്ധിക്കണം. കുട്ടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും ഉണര്‍വും ഏകാഗ്രതയും നല്‍കുന്നതിനും ഇതു സഹായിക്കും. പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസ്, അണ്ടിപ്പരിപ്പ്, സാലഡുകള്‍, സൂപ്പ്, എന്നിവ ലഘുഭക്ഷണമായി നല്‍കാം.

ഒരു ദിവസം വേണ്ട ഊര്‍ജ്ജത്തിന്റെയും പ്രോട്ടീനിന്റെയും മൂന്നില്‍ ഒന്ന് ഉച്ചഭക്ഷണത്തില്‍ നിന്നും ലഭിച്ചിരിക്കണം. പ്രോട്ടീന്‍ ഭക്ഷണങ്ങളായ മത്സ്യം, പനീര്‍, തൈര്, പയര്‍ വര്‍ഗ്ഗങ്ങള്‍, എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. ഇലക്കറികളും മറ്റു പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് സൂക്ഷ്മപോഷകങ്ങളുടെ കുറവുനികത്താന്‍ സഹായിക്കും.

ജലാംശം നിലനിര്‍ത്തുക പ്രധാനമാണ്. ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ടാല്‍ മനസ്സും ശരീരവും അസ്വസ്ഥമാകും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ബുദ്ധിമുട്ടുണ്ടാകും. ജ്യൂസ്, മോരിന്‍വെള്ളം, മല്ലിവെള്ളം എന്നിവ നല്‍കാം.

പരീക്ഷാക്കാലത്ത് കാപ്പി, ചായ, കോള പാനീയങ്ങള്‍ എന്നിവ അമിതമായി കുടിക്കുന്നത് നല്ലതല്ല. ഒരു ദിവസത്തിന്റെ വെള്ളത്തിന്റെ അളവ് 2 മുതല്‍ 2.5 ലിറ്റര്‍ ആയിരിക്കണം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് വഴി കുട്ടികള്‍ക്ക് ക്ഷീണം വരാതെ നോക്കാം.

ജീവകം ബി, സി, സിങ്ക് അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. മത്സ്യത്തില്‍ കാണുന്ന ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തും.

മുട്ടയുടെ മഞ്ഞക്കരുവിലുള്ള കോളിന്‍ എന്ന ജീവകം തലച്ചോറിനുള്ളില്‍ ആഴത്തിലുള്ള മെമ്മറിസെല്ലുകള്‍ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. സിങ്ക് ധാരാളം അടങ്ങിയ അടണ്ടിപരിപ്പുകള്‍ തലച്ചോറിലെ സെറിബ്രത്തിന്റെ പ്രവര്‍ത്തനത്തിന് ശക്തി പകരും. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴവര്‍ഗ്ഗങ്ങള്‍, ക്യാരറ്റ്, മത്തങ്ങ, എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഉയര്‍ത്തി കുട്ടികളെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നു. നല്ല ദഹനം ലഭിക്കുന്നതിന് പ്രോബയോട്ടിക്കായ തൈര്, മോര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here