ജനകീയ ചൈനയുടെ പതിനാലാം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തുടരുന്നു

ജനകീയ ചൈനയുടെ പതിനാലാം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച സമ്മേളനം മാര്‍ച്ച് 13ന് അവസാനിക്കും. മാര്‍ച്ച് 10ന് ചൈനയുടെ പുതിയ പ്രസിഡന്റിനെയും പ്രീമിയറിനെയും തെരഞ്ഞെടുക്കും. മന്ത്രിസഭ അടക്കമുള്ള സര്‍ക്കാര്‍ വേദികളിലേക്കും സമ്മേളനത്തില്‍ വച്ച് തെരഞ്ഞെടുപ്പ് നടക്കും.

ആദ്യ വാര്‍ഷിക യോഗം ബിജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണ് അരങ്ങേറുന്നത്. കല, നിയമം, ബിസിനസ്, സാംസ്‌കാരിക രംഗങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് നാലിന് ആരംഭിച്ച പതിനാലാം ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സും ബീജിംഗില്‍ തുടരുകയാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത ഘടകമായ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നടക്കുന്ന ഭരണനിര്‍വഹണത്തിന്റെ യോഗങ്ങളില്‍ കഴിഞ്ഞ സമ്മേളനകാലയളവിന്റെ മെച്ചവും നഷ്ടവും പരിശോധിച്ച് അടുത്തകാലയളവിലേക്കുള്ള നിര്‍ണായക ഭരണതീരുമാനങ്ങള്‍ കൈക്കൊള്ളും. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന 2977 പ്രതിനിധികളില്‍ 790പേര്‍ സ്ത്രീകളാണ്. 442പേര്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നവരും.

കഴിഞ്ഞദിവസം പീപ്പിള്‍സ് കോണ്‍ഗ്രസില്‍ വച്ച് ചൈനയുടെ ബജറ്റ് ചര്‍ച്ചയായിരുന്നു. അടുത്ത വര്‍ഷത്തേക്ക് അഞ്ചു ശതമാനമാണ് ചൈന പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക്. ചൈനീസ് പ്രീമിയര്‍ കെ ക്വിയാങ് അവതരിപ്പിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച തുടരുകയാണ്. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ചൈനയുടെ നിലപാട് എന്തായിരിക്കണമെന്നും സമ്മേളനം ചര്‍ച്ച ചെയ്യും. ഒപ്പം രാജ്യത്തിന്റെ ഭാഗമായ തായ്വാനിലും ഹോങ്കോങ്ങിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യും. ഒപ്പം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധവും സമ്മേളനത്തിന്റെ പരിശോധനയില്‍ ഉള്‍പ്പെടും.

ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍ പിങ് അടുത്ത ടേമിലേക്ക് കൂടി ജനകീയ ചൈനയുടെ പ്രസിഡന്റായി തുടരുമെന്നാണ് സൂചന. ചൈനീസ് പ്രീമിയര്‍ കെ ക്വിയാങ് സ്ഥാനമൊഴിഞ്ഞേക്കും. മാര്‍ച്ച് പത്തിനാണ്പ്രസിഡണ്ട്, പ്രീമിയര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ്. മന്ത്രിസഭയിലേക്കും മറ്റ് വിവിധ ഘടകങ്ങളിലേക്കും പീപ്പിള്‍സ് കോണ്‍ഗ്രസില്‍ വച്ച് തെരഞ്ഞെടുപ്പ് നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like