ഫെയ്സ്ബുക്കിലും ഇനി ഒന്നര മിനിറ്റ് വരെയുള്ള റീലുകൾ ചെയ്യാം

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള റീലുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ റീലുകളുടെ ദൈർഘ്യം 60 സെക്കൻഡായി മുൻപ് പരിമിതപ്പെടുത്തിയിരുന്നു.

അത് ഇപ്പോൾ ഫെയ്സ്ബുക്കിനും ബാധകമാണ്. അധിക 30 സെക്കൻഡ് ആകർഷകമായ റീലുകൾ നിർമ്മിക്കാൻ ക്രിയേറ്റേഴ്സിന് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ടിക്ടോക്കിനൊപ്പം എത്താൻ ഇതുവരെ ഫെയ്സ്ബുക്കിന് സാധിച്ചിട്ടില്ല. ടിക്ടോക് ഉപയോക്താക്കൾക്ക് 10 മിനിറ്റ് വരെ സമയപരിധി നൽകിയിരുന്നു. നിലവിൽ ഏത് വെർട്ടിക്കൽ വീഡിയോ (പോർട്രേറ്റ് മോഡിലുള്ള വിഡിയോ) പ്ലാറ്റ്‌ഫോമിനെക്കാളും ഉയർന്നതാണ് ടിക്ടോക്കിന്റെ ഈ സമയപരിധി.

ഇതിനു പുറമെ, റീൽസ് പ്ലാറ്റ്‌ഫോമിൽ നിരവധി ചെറിയ മാറ്റങ്ങളും ഫെയ്സ്ബുക്ക് വരുത്തിയിട്ടുണ്ട്. ടൈം ലൈനിലെ മെമ്മറി പോസ്റ്റുകളും പ്രീ-ബിൽറ്റ് ടെംപ്ലേറ്റുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ റീലുകൾ സൃഷ്ടിക്കാൻ കഴിയും. മെറ്റയുടെ അതിവേഗം വളരുന്ന കണ്ടന്റ് ഫോർമാറ്റായി റീലുകൾ മാറിയിട്ടുണ്ട്. ഇത് കണ്ടന്റ് ക്രിയേറ്റേഴ്സിനെയും ഫെയ്സ്ബുക്ക് ഉപയോക്താക്കളെയും ഒരേസമയം ആകർഷിക്കുന്നു.

ടിക്ടോക്ക്, യൂടൂബ് ഷോർട്ട്‌സ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് റീലുകൾ എന്നിവയെല്ലാം ഷോർട്ട് ഫോം കണ്ടന്റിന്റെ പ്രചാരം വർധിപ്പിച്ചിട്ടുണ്ട്. സ്മാർട്ടുഫോണുകൾക്കു വേണ്ടി വെർട്ടിക്കൽ ഫോർമാറ്റിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൊറിസോണ്ടൽ ഫോർമാറ്റിലുള്ള പരമ്പരാഗത രീതിയിലുള്ള വീഡിയോകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോക്താവ് ഇത്തരം വീഡിയോകൾക്കു വേണ്ടി അധികസമയം ചെലവഴിക്കേണ്ടതില്ല, മാത്രമല്ല മിക്ക ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകളും ലൈസൻസുള്ള മ്യൂസിക് ഉപയോഗിച്ച് കോണ്ടന്റ് നിർമ്മിക്കാൻ ക്രിയേറ്റേഴ്സിനെ അനുവദിക്കുന്നു. ഇത് കൂടുതൽ ആകർഷകമായ വീഡിയോകൾ നിർമ്മിക്കുന്നതിന് കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ സഹായിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here