ആക്ഷൻ പ്ലാൻ ഫലപ്രദമായി നടപ്പിലാക്കും,ഈ സാഹചര്യത്തെ അതിജീവിക്കും: എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

ബ്രഹ്മപുരത്ത് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിട്ടാണ് മുൻ കളക്ടർ ഡോ രേണുരാജ് ചുമതല ഒഴിഞ്ഞതെന്ന് പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. മുൻ കളക്ടർ രൂപീകരിച്ച ആക്ഷൻ പ്ലാൻ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇതിനായി ബ്രഹ്മപുരം സന്ദർശിക്കുമെന്നും ചുമതലയേറ്റെടുക്കവേ അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനും  ജില്ലാ ഭരണകൂടവും  ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്,
ബ്രഹ്മപുരത്ത് ശാശ്വത പരിഹാരത്തിനു വേണ്ടി ടീമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ എൻ എസ് കെ ഉമേഷ് നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവ‍ർത്തിച്ചു വരികയായിരുന്നു. രേണുരാജിനെ വയനാട് ജില്ലാ കളക്ടറായി നിയോഗിച്ചതിനെത്തുടർന്നാണ്  എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്.

അതേസമയം, എട്ടാം ദിനത്തിലും കൊച്ചിയിൽ പുക ശമിച്ചിട്ടില്ല.  മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ സംസ്കരിക്കും. ജൈവമാലിന്യ സംസ്കരണത്തിനുള്ള വിൻഡ്രോ കന്പോസ്റ്റിംഗ് സംവിധാനത്തിന്‍റെ തകരാര്‍ ഉടൻ പരിഹരിക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. പ്രവര്‍ത്തനങ്ങളുടെ മേൽനോട്ടം മേയറും കളക്ടറും ഉൾപ്പെട്ട സമിതിക്കാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News