കെ.കവിത ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല, കത്ത് നൽകി

മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ.കവിത ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്തുനല്‍കി. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ടെന്ന് വിശദീകരിച്ചാണ് കത്ത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കവിത അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര ഏജൻസികൾക്കെതിരെ വലിയ വിമർശനവുമായി രംഗത്തുള്ളപ്പോഴും മദ്യനയ അഴിമതി കേസിൽ കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജൻസികൾ.

അതേസമയം, ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി ജയിലിലെത്തി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് ഇന്ന് വീണ്ടും
തീഹാർ ജയിലിൽ വെച്ച് ചോദ്യം ചെയ്യുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. ഈ മാസം 20 വരെയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി.

കവിതയുമായി അടുപ്പമുള്ള മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ട് ദില്ലി റോസ് അവന്യൂ കോടതിയിൽ അരുണിനെ ഹാജരാക്കി. ഈ മാസം13 വരെ അരുണിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട മദ്യവ്യവസായികളുൾപ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News