മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച്

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ലോങ്ങ് മാര്‍ച്ചിനൊരുങ്ങുന്നു. മാര്‍ച്ച് 12ന് നാസിക്കില്‍ നിന്നും ആരംഭിക്കുന്ന കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് 23ന് മുംബൈയിലെത്തും. കര്‍ഷകരുടെയും തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭയുടെയും സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നത്.

നേരത്തെ 2018 മാര്‍ച്ചില്‍ അമ്പതിനായിരം കര്‍ഷകരെ അണിനിരത്തി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പ്രതിഷേധ ജാഥയുമായി കര്‍ഷകരും തൊഴിലാളികളും അണിനിരക്കുന്നത്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ കാരണം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ന്നതോടെ നിരവധി കര്‍ഷകരാണ് ദുരിതത്തിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉള്ളിക്ക് ക്വിന്റലിന് 2,200 മുതല്‍ 2,300 രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍, തെറ്റായ നയങ്ങള്‍ കാരണം ക്വിന്റലിന് 500-600 രൂപയിലേക്ക് ഉള്ളിവില കൂപ്പുകുത്തിയിരിക്കുകയാണ്. പരുത്തി, സോയാബീന്‍, പയര്‍, മറ്റ് വിളകള്‍ എന്നിവയുടെ വിലയും ഇടിഞ്ഞു. ക്ഷീരമേഖലയില്‍ സ്വകാര്യകമ്പനികള്‍ കര്‍ഷകരെ അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകയാണ്.

ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഉള്ളിക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, കൃഷിക്കാവശ്യമായ വൈദ്യുതി തുടര്‍ച്ചയായി ലഭ്യമാക്കി കര്‍ഷകരുടെ വൈദ്യുതി ബില്ലിന്റെ കുടിശ്ശിക എഴുതിത്തള്ളുക, കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടവും എഴുതിത്തള്ളി ആശ്വാസം നല്‍കുക, കാലവര്‍ഷക്കെടുതിയും പ്രകൃതിക്ഷോഭവും മൂലമുള്ള വിളനാശത്തിന് എന്‍ഡിആര്‍എഫില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് അഖിലേന്ത്യാ കിസാന്‍ സഭ മുന്നോട്ട് വച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News