ഇടുക്കിയില്‍ ജനകീയ പ്രതിരോധ ജാഥ ആദ്യദിന പര്യടനം പൂര്‍ത്തിയാക്കി

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ ആദ്യദിന പര്യടനം പൂര്‍ത്തിയാക്കി. തൊടുപുഴയിലും അടിമാലിയിലും നെടുങ്കണ്ടത്തും ആദ്യദിനം സ്വീകരണ പരിപാടികള്‍ നടന്നു. ജില്ലയില്‍ പതിനായിരങ്ങളടങ്ങുന്ന ജനാവലി ജാഥയെ സ്വീകരിക്കാന്‍ ഒഴുകിയെത്തി. ജാഥാ പര്യടനം നാളെയും ഇടുക്കിയില്‍ തുടരും.

ആവേശോജ്വലമായ സ്വീകരണമാണ് ഇടുക്കിയുടെ മലയോരത്തുനിന്നും ഒഴുകിയെത്തിയ ജനപ്രവാഹം ജനകീയ പ്രതിരോധ ജാഥയ്ക്ക് നല്‍കിയത്. എറണാകുളം ജില്ലയില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പര്യടനം പൂര്‍ത്തിയാക്കി ജാഥ ഇന്ന് രാവിലെയാണ് ഇടുക്കി ജില്ലയില്‍ പ്രവേശിച്ചത്. തൊടുപുഴയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം. പിന്നീട് അടിമാലിയിലും നെടുങ്കണ്ടത്തും സ്വീകരണ സമ്മേളനങ്ങള്‍ നടന്നു. ഏലക്കാ തൊപ്പി അണിയിച്ചു കൊണ്ടായിരുന്നു തൊടുപുഴയില്‍ ജാഥാംഗങ്ങളെ സ്വീകരിച്ചത്. അടിമാലിയില്‍ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ മാതാപിതാക്കള്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ച കാഴ്ച വൈകാരിക നിമിഷമായി. നെടുങ്കണ്ടത്തും രക്തസാക്ഷി കുടുംബങ്ങള്‍ ജാഥയില്‍ പങ്കെടുത്തു.

ഭൂവിനിയോഗ ചട്ടം ഭേദഗതി ചെയ്ത് ഇടുക്കിയിലെ ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ജനസഞ്ചയത്തിന് മുന്നില്‍ വച്ച് ഉറപ്പ് നല്‍കി. ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കും. ഇതിനായി 16500 ഏക്കര്‍ സ്ഥലം വേണം. ഇത് കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നാളെയും ജില്ലയില്‍ തുടരുന്ന ജാഥയ്ക്ക് കട്ടപ്പനയിലും വണ്ടിപ്പെരിയാറിലും സ്വീകരണം നല്‍കും. പര്യടനം പൂര്‍ത്തിയാക്കി ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍ നിന്ന് കോട്ടയത്തേക്ക് പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News