പി രാജീവും, എംബി രാജേഷും ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിക്കും

മന്ത്രിമാരായ പി രാജീവും, എം ബി രാജേഷും ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം ചേരും.

അതേസമയം, ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ പുക പൂര്‍ണമായും ശമിപ്പിക്കാനുളള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം ദിവസവും തുടരുകയാണ്. രാത്രിയും പകലുമായി മുഴുവന്‍ സമയവും ഫയര്‍ ഫോഴ്‌സിന്റെയും നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നും പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

30 ശതമാനത്തോളം പുക മാത്രമാണ് ഇനി ശമിപ്പിക്കാനുളളത്. ചൊവ്വാഴ്ച മുതല്‍ രാത്രിയും പകലുമായി 24 മണിക്കൂറും എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. 52 ഹിറ്റാച്ചികളാണ് സ്ഥലത്തുളളത്. ഫയര്‍ ഫോഴ്‌സിന്റെയും നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ വെളളം പമ്പ് ചെയ്ത് പുക ശമിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്.

കോര്‍പ്പറേഷന്‍, ഫയര്‍, റവന്യൂ, ആരോഗ്യം, പൊലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ബ്രഹ്‌മപുരത്തിന്റെ സമീപ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്‌മപുരത്ത് തീയണയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് സ്ഥലം സന്ദശിച്ച ശേഷം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശക്തമായ ഇടപെടലും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ഓക്സിജന്‍ പാര്‍ലറിനും കണ്‍ട്രോള്‍ റൂമിനും പുറമേ സ്വകാര്യ ആംബുലന്‍സ് കൂടി സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here