ത്രിപുരയില്‍ എളമരം കരീം എംപിക്ക് നേരെ ബിജെപി അക്രമം

ത്രിപുരയിലെ ബിജെപി അക്രമബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അറിയാനായി നേരിട്ടെത്തിയ എളമരം കരീം എംപി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബിജെപി അക്രമം. സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവരും എളമരം കരീമിനൊപ്പം ആക്രമണത്തിന് ഇരയായി. ബിജെപി പ്രവര്‍ത്തകര്‍ ഒരു വാഹനം അഗ്നിക്ക് ഇരയാക്കുകയും രണ്ടു വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. എളമരം കരീമിന്റെ നേതൃത്വത്തില്‍ എട്ട് എംപിമാരാണ് ത്രിപുരയില്‍ എത്തിയത്. വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞായിരുന്നു എംപിമാരുടെ സംഘം അക്രമബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. ഇതില്‍ എളമരം കരീം ഉള്‍പ്പെട്ട സംഘത്തിന് നേരെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ത്രിപുരയില്‍ ഉടനീളം ബിജെപി പ്രവര്‍ത്തകര്‍ വ്യാപക ആക്രമണമാണ് അഴിച്ചു വിടുന്നത്. നിരവധി സിപിഐഎം പ്രവര്‍ത്തകരെയാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്. നിരവധി വീടുകളാണ് അഗ്നിക്കിരയാക്കിയത്. അക്രമത്തില്‍ പരുക്കേറ്റവരെ നേരില്‍ സന്ദര്‍ശിക്കാനും ത്രിപുരയിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനുമാണ് എളമരം കരീമിന്റെ നേതൃത്വത്തില്‍ എട്ട് എംപിമാര്‍ ത്രിപുരയില്‍ എത്തിയത്. നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ബിജെപി അഴിച്ചുവിടുന്ന അക്രമം ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍പ്പെടുത്തുകയെന്ന ലക്ഷ്യവും എംപിമാരുടെ സംഘത്തിനുണ്ടായിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെങ്കിലും നാളെയും സന്ദര്‍ശനം നടത്താന്‍ തന്നെയാണ് സംഘത്തിന്റെ തീരുമാനം. ത്രിപുരയില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എളമരം കരീം എംപി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News