മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കൂ, കൊച്ചി നിവാസികളോട് പൃഥ്വിരാജ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുയരുന്ന പുകയില്‍നിന്നും ഇതുവരെയും കൊച്ചി നഗരം മുക്തമായിട്ടില്ല. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്ന തീ അണക്കാന്‍ സാധിച്ചെങ്കിലും, പുക ഉയരുന്നത് തടയാന്‍ കഴിയാത്തത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ ഏവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് നടന്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം കുറിച്ചത്.

ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം പുകഞ്ഞെരിയുന്നതിന്റെ ചിത്രം പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ടും പ്രതികരിച്ചിരുന്നു. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്നെഴുതിയ മാസ്‌ക് ധരിച്ചുള്ള പ്രൊഫൈല്‍ ചിത്രം താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നടന്‍ ഉണ്ണി മുകുന്ദനും ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ബ്രഹ്‌മപുരത്തെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു നിരീക്ഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. സമിതി ബ്രഹ്‌മപുരം സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

ബ്രഹ്‌മപുരത്തെ സാഹചര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ പ്രത്യേക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി ചികിത്സ ഉറപ്പാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതുവരെ 17 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News