നാലാം ടെസ്റ്റില്‍ വിരാട് കോഹ്ലിക്കും റെക്കോര്‍ഡ്

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്ലി. ഒന്നാം ഇന്നിംഗ്‌സില്‍(പുറത്താകാതെ 59) നേടിയ അര്‍ധസെഞ്ചുറിയോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് വിരാട് കോഹ്ലി.

ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ 4000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാട് ശനിയാഴ്ച സ്വന്തമാക്കിയത്. നാട്ടിലെ അമ്പതാം ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത് എന്ന പ്രത്യേകതയും പുതിയ നേട്ടത്തിനുണ്ട്. നാട്ടില്‍ കളിച്ച 94 ടെസ്റ്റില്‍ നിന്ന് 7216 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 70 ടെസ്റ്റില്‍ നിന്ന് 5598 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. 65 ടെസ്റ്റില്‍ നിന്ന് 5067 റണ്‍സുമായി സുനില്‍ ഗവാസ്‌ക്കറാണ് മൂന്നാമത്. 52 ടെസ്റ്റില്‍ നിന്ന് 4656 റണ്‍സുമായി വീരേന്ദര്‍ സെവാഗ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ. നാന്നൂറ്റി മുപ്പത്തിയെട്ടാം മത്സരത്തിലാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്. 21 റണ്‍സായിരുന്നു താരത്തിന് 17000 തികയ്ക്കാന്‍ വേണ്ടിയിരുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത് 35 റണ്‍സ് നേടി പുറത്തായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News