നമീബിയക്കാരായ ഒബാനും ആശയും ഇനി ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടെ വേട്ടയാടും, ഇണചേരും

നമീബയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്ന് വിട്ടു. ഒബാന്‍ എന്ന ആണ്‍ ചീറ്റപ്പുലിയെയും ആശ എന്ന പെണ്‍ചീറ്റയെയുമാണ് കുനോയില്‍ തുറന്നുവിട്ടത്. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് ചീറ്റകളെ തുറന്നു വിടുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് ഒബാനെ തുറന്ന് വിട്ടതെങ്കില്‍ വൈകുന്നേരത്തോടെയാണ് ആശയെ വിട്ടത്. നമീബിയില്‍ നിന്നെത്തിച്ചതില്‍ ഏറ്റവും വലുപ്പമുള്ള ചീറ്റയാണ് ഒബാന്‍. കൂട്ടത്തില്‍ വേട്ടായാടാനുള്ള ശേഷിയിലും മുന്നിലാണ് ഒബാന്‍. ആശയും വേട്ടയില്‍ മിടുക്കിയാണെന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി എസ്.പി യാദവ് വ്യക്തമാക്കുന്നത്. പരസ്പരം നന്നായി ഇണക്കം പ്രകടിപ്പിക്കുന്നതിനാലാണ് ഒബാനെയും ആശയെയും ഒരുമിച്ച് തുറന്നുവിട്ടത്. ഇരുവരും ഇണചേരാനുള്ള സാധ്യതയും പരിഗണിച്ചിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 24×7 എന്ന നിലയില്‍ ഫോറസ്റ്റ് ഓഫീസേഴ്സിന്റെ ഒരുസംഘം ഇവരുടെ നീക്കങ്ങള്‍ റേഡിയോ കോളറിലൂടെ നിരീക്ഷിക്കും. നമീബിയയില്‍ നിന്നെത്തിക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു.

2022 സെപ്തംബര്‍ 17നാണ് നമീബിയയില്‍ നിന്നും എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ക്വാറന്റൈന് ശേഷം ഇന്ത്യന്‍ സാഹചര്യങ്ങളോട് ഇണങ്ങി ചേര്‍ന്നുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അധികൃതര്‍ ചീറ്റകളെ തുറന്നുവിടാന്‍ തീരുമാനിച്ചത്. എട്ടു ചീറ്റകളില്‍ ഏഴെണ്ണത്തെയും 6 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തേക്ക് വേട്ടയാടി ജീവിക്കുന്നതിന് താമസിയാതെ തുറന്നുവിടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യുക്തമായ സമയം നിശ്ചയിച്ച് ബാക്കി ചീറ്റകളെ തുറന്ന് വിടുമെന്നും, ഒരുപക്ഷെ അടുത്ത ആഴ്ചതന്നെ അടുത്ത ബാച്ചിനെ തുറന്നുവിട്ടേക്കുമെന്നും അധികൃതര്‍ പറഞ്ഞു. കിഡ്നിക്ക് കുഴപ്പം കണ്ടെത്തിയ സാക്ഷയെന്ന ചീറ്റയെ തല്‍ക്കാലം തുറന്നുവിടുന്നില്ലെന്നാണ് തീരുമാനം. നമീബിയയിലുള്ളപ്പോള്‍ ബാധിച്ച അണുബാധയാണ് സാക്ഷയുടെ ആരോഗ്യാവസ്ഥയെ ബാധിച്ചിരിക്കുന്നത്.

രാജ്യത്തെ ചീറ്റകളുടെ എണ്ണം വരുന്ന പത്ത് വര്‍ഷത്തിനകം 40-45വരെയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീറ്റകളെ ആഫ്രിക്കയില്‍ നിന്നും എത്തിച്ചിരിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച 12 ചീറ്റപ്പുലികളെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടിരുന്നു. നമീബിയയില്‍ നിന്നെത്തിയ മുഴുവന്‍ ചീറ്റകളെയും തുറന്ന് വിടുന്നതോടെ കുനോ ദേശീയ ഉദ്യാനത്തിലെ ചീറ്റകളുടെ എണ്ണം 20 ആയിമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News