ദശകങ്ങളായി കുന്നുകൂടിയ മാലിന്യ മലയാണ് ഇത്രയും സങ്കീര്‍ണ്ണമായ സാഹചര്യം സൃഷ്ടിച്ചത്, മന്ത്രി പി രാജീവ്

ദശകങ്ങളായി കുന്നു കൂടിയ മാലിന്യ മലയാണ് ബ്രഹ്മപുരത്തെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് മന്ത്രി പി രാജീവ്. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി പറഞ്ഞതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ-അന്തര്‍ദേശീയ വിദഗ്ധരുടെ ഉപദേശങ്ങള്‍ വളരെ സഹായകരമായെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ തീ പൂര്‍ണ്ണമായും അണഞ്ഞ സ്ഥിതിയാണെങ്കിലും ചിലയിടങ്ങളില്‍ തുടര്‍ ജാഗ്രത വേണ്ടി വരും. ഇന്നലെ വരെ തുടര്‍ന്ന അതേ രീതിയില്‍ മുഴുവന്‍ മാനവവിഭവശേഷിയും ഇന്നും ഉപയോഗിക്കുന്നുണ്ട്.
ബ്രഹ്മപുരത്തില്‍ പാഠം ഉള്‍ക്കൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിച്ച് ശാശ്വത പരിഹാരത്തിനാണ് ഇനിയുള്ള ശ്രമമെന്നും മന്ത്രി പറഞ്ഞു.

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സ്വികരിച്ച രീതിയാണ് ഏറ്റവും ഉചിതമെന്ന് ദേശീയ- അന്തര്‍ദേശീയ വിദഗ്ദരും അഭിപ്രായപ്പെട്ടു.
തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി. കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയത്. തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജോര്‍ജ്ജ് ഹീലി നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ ( ഐ.ഐ.ടി ഗാന്ധിനഗര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ജോര്‍ജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.
തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളില്‍ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങള്‍ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തില്‍ കുതിര്‍ത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.
തീ കെടുത്തിയ ഭാഗങ്ങളില്‍ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉള്‍ഭാഗങ്ങളില്‍ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളില്‍ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളില്‍ മണ്ണിന്റെ ആവരണം തീര്‍ക്കുന്നത് പ്രയോജനപ്രദമല്ല. അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുഖാവരണം ധരിക്കണമെന്നും ജോര്‍ജ് ഹീലി നിര്‍ദേശിച്ചു.
തീ പൂര്‍ണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളില്‍ അഗ്‌നിശമന പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളില്‍ മുന്‍കരുതല്‍ തുടരണം. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറമേക്ക് ദൃശ്യമല്ലാത്ത കനലുകള്‍ കണ്ടെത്തുന്നതിനായി തെര്‍മല്‍ (ഇന്‍ഫ്രാറെഡ്) ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങള്‍ ആഴത്തില്‍ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി
മാര്‍ച്ച് 2 ന് തീപിടുത്തമുണ്ടായ ഘട്ടത്തില്‍ തന്നെ കോര്‍പ്പറേഷന്‍ അധികൃതരും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. മുമ്പ് പല ഘട്ടങ്ങളിലുമുണ്ടായതുപോലെ വെള്ളം ഉപയോഗിച്ച് രണ്ടു ദിവസത്തിനകം തീ അണയ്ക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. മാര്‍ച്ച് 4 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഞാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നത തല യോഗം ചേര്‍ന്നു. തീ അണച്ച സ്ഥലങ്ങളില്‍ വീണ്ടും തീപ്പടരുന്ന പ്രശ്‌നം ഫയര്‍ഫോഴ്‌സ് അവതരിപ്പിച്ചു. മീറ്ററുകള്‍ അടിയിലും തീ ഉള്ളതുകൊണ്ട് ഇളക്കി മാറ്റി വെള്ളം അടിക്കുന്ന രീതി വേണ്ടി വരുമെന്ന് കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ജെ സി ബി യും ഫ്‌ലോട്ടിങ്ങ് ജെ സി ബി യും ഉള്‍പ്പെടെ പല ജില്ലകളില്‍ നിന്നും സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. മന്ത്രി എന്ന നിലയില്‍ എല്ലാ ദിവസവും പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തി. വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ പ്രശനങ്ങള്‍ കൈകാര്യം ചെയ്യാന്‍ രണ്ടു കണ്‍ട്രോള്‍ റൂം തുറന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അവലോകനം നടത്തി കര്‍മ്മപദ്ധതി അംഗീകരിച്ചു.
തീ അണക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ തന്നെയാണ് ഉചിതമെന്ന് എല്ലാ ദിവസവും നടത്തിയ ആശയ വിനിമയത്തില്‍ ലഭ്യമായ വിദഗ്ദരും അഭിപ്രായപ്പെട്ടത്. അവരുടെ ഉപദേശങ്ങളും സഹായകരമായി. ദശകങ്ങളായി കുന്നു കൂടിയ മാലിന്യ മലയാണ് ഇത്രയും സങ്കീര്‍ണ്ണമായ സാഹചര്യം സൃഷ്ടിച്ചത്. ഇപ്പോള്‍ തീ പൂര്‍ണ്ണമായും അണഞ്ഞ സ്ഥിതിയാണെങ്കിലും ചിലയിടങ്ങളില്‍ തുടര്‍ ജാഗ്രത വേണ്ടി വരും. ഇന്നലെ വരെ തുടര്‍ന്ന അതേ രീതിയില്‍ മുഴുവന്‍ മാനവവിഭവശേഷിയും ഇന്നും ഉപയോഗിക്കുന്നുണ്ട്.
ബ്രഹ്മപുരത്തില്‍ പാഠം ഉള്‍ക്കൊണ്ട് ശക്തമായ നടപടികള്‍ സ്വീകരിച്ച് ശാശ്വത പരിഹാരത്തിനാണ് ഇനിയുള്ള ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News