വേനലല്ലേ… കരുതണം ചിക്കൻപോക്‌സിനെ

സംസ്ഥാനത്ത്‌ ചൂട്  കനക്കുകയാണ്. ചൂടിനോടൊപ്പം തന്നെ കരുതേണ്ട ചില രോഗങ്ങളുമുണ്ട്. ഈ കാലാവസ്ഥയിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ചിക്കൻപോക്സ്. നമുക്കെങ്ങനെ ചിക്കൻപോക്‌സിനെ  തടയാം? രോഗ ലക്ഷണങ്ങൾ എന്തെല്ലാമാണ്? നോക്കാം…

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. ഏകദേശം 2 മുതൽ 6 ദിവസം വരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്.

തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രീയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍ നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കൻപോക്‌സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ, കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തിപ്പിടിക്കാനും ശ്രദ്ധിക്കണം.

ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here