ബംഗ്ല കടുവകള്‍ക്ക് മുന്നില്‍ പരമ്പര അടിയറ വെച്ച് ലോക ചാമ്പ്യന്മാര്‍

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം. തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ബംഗ്ലാദേശിന് മുന്നില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് അടിപതറുകയായിരുന്നു. രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന് ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കി.

ടോസ് നേടിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച തീരുമാനം ശരിവെക്കുതായിരുന്നു ബംഗ്ലാദേശ് ബൗളിംഗ് നിരയുടെ പ്രകടനം. മെഹ്ദി ഹസന്‍ മിറാസ് നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് വെറും 117 റണ്‍സിന് ഒതുങ്ങി. തസ്‌കിന്‍ അഹമ്മദും മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനും ഹസന്‍ മഹ്മൂദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലീഷ് നിരയുടെ തകര്‍ച്ച പൂര്‍ണ്ണമാക്കി. 28 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.നജ്മുല്‍ ഹുസൈന്‍ പുറത്താവാതെ നേടിയ 46 റണ്‍സാണ് ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ചിറ്റഗോംഗില്‍ നടന്ന ആദ്യ ട്വന്റി 20 മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അവസാന മത്സരം മാര്‍ച്ച് 14ന് ധാക്കയില്‍ നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here