? ‘താങ്കള്‍ ചെയ്തത് തെറ്റല്ലേ? താങ്കള്‍ പണപ്പിരിവ് നടത്തിയില്ലേ?’
– ‘ഇല്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയേ ചെയ്തിട്ടുള്ളൂ. അതാണ് എന്റെ പ്രത്യയശാസ്ത്രം എന്നെ പഠിപ്പിച്ചത്’
? ‘അപ്പോള്‍ പാര്‍ട്ടി താങ്കളെ തള്ളിപ്പറഞ്ഞ് പുറത്താക്കിയതോ?’
– ‘പാര്‍ട്ടിയും ശരിയാണ്. ഒരു ആരോപണം വന്നു. എന്റെ പാര്‍ട്ടി എന്നെ സസ്പെന്‍ഡ് ചെയ്തു. ഏത് പാര്‍ട്ടിയെടുക്കും അത്തരമൊരു നടപടി ഇത്രയും വേഗതയില്‍’
?’അപ്പോള്‍ പാര്‍ട്ടി താങ്കള്‍ക്കെതിരല്ലേ?’
– ‘അല്ല. പാര്‍ട്ടിക്കത് ബോദ്ധ്യപ്പെടും. എന്നെ പുറത്താക്കിയില്ല, മാറ്റിനിര്‍ത്തിയേയുള്ളൂ’
? ‘താങ്കള്‍ പറയുന്നത് പരസ്പരവിരുദ്ധമല്ലേ? താങ്കള്‍ ശരിയാണെന്നും താങ്കള്‍ ശരിയെന്ന് കരുതുന്ന കാര്യത്തിന്റെ പുറത്ത് താങ്കളുടേ മേല്‍ നടപടിയെടുത്ത പാര്‍ട്ടിയും ശരിയാണെന്നും താങ്കള്‍ പറയുന്നു. ഇതില്‍ ഏതെങ്കിലും ഒന്നല്ലേ ശരിയാവൂ?’
– ‘അല്ല’
പ്രളയദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉയര്‍ത്തി മാധ്യമങ്ങള്‍ തേജോവധം ചെയ്ത ഓമനക്കുട്ടന്‍ അന്ന് ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതാണിത്. ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷയ്ക്ക് കൊടുക്കാന്‍ പോക്കറ്റില്‍ പണം ഇല്ലാതിരുന്നതിനാല്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് ചില്ലറകള്‍ വാങ്ങി ഓട്ടോയ്ക്ക് 70 രൂപ വാടക നല്‍കിയതായിരുന്നു ഓമനക്കുട്ടന്‍ ചെയ്ത തെറ്റ്. സിപിഐഎം വിരുദ്ധവാര്‍ത്തകള്‍ പാചകം ചെയ്യുന്ന മാധ്യമങ്ങള്‍ എങ്ങനെയാണ് അവര്‍ക്ക് രസക്കൂട്ടാകുന്ന കഥകള്‍ മെനഞ്ഞെടുക്കുന്നത് എന്നതിന് ഉദാഹരണമാണ് ഓമനക്കുട്ടന്‍.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ചേര്‍ത്തല എത്തിയപ്പോള്‍ ഇത്തവണ താരമായത് ഓമനക്കുട്ടന്റെ മകള്‍ സുകൃതി. എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ സുകൃതിയെ ജനകീയ പ്രതിരോധ ജാഥയുടെ വേദിയില്‍ ആദരിച്ചിരുന്നു. ചടങ്ങിന് ശേഷം സുകൃതിയുടെ ഹൃദയസ്പര്‍ശിയായ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ആലപ്പുഴയില്‍ ഭയങ്കര സന്തോഷമുണ്ട്. പാര്‍ട്ടി എല്ലാത്തിനും എല്ലാ കാര്യത്തിലും കൂടെ നില്‍ക്കുന്നു. എക്സാം അഡ്മിഷന്‍ കിട്ടിയപ്പോഴായാലും അത് കഴിഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കും പാര്‍ട്ടി കൂടെ നിന്നു. എന്‍ട്രന്‍സിന് തയ്യാറെടുത്തു കൊണ്ടിരുന്ന സമയത്തായിരുന്നു അച്ഛനെതിരെ ആരോപണം ഉയര്‍ന്നത്. അപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നെ പതിയെ എല്ലാം ശരിയായി. കുഴപ്പമില്ല. അച്ഛനെക്കുറിച്ച് അങ്ങനെ പറഞ്ഞതില്‍ വിഷയം തോന്നി. അച്ഛന്റെ ഫോട്ടോയൊക്കെ വച്ച് വാര്‍ത്ത പോയപ്പോള്‍ ഭയങ്കര വിഷമം തോന്നി. സത്യാവസ്ഥ എന്താന്ന് അറിയാണ്ട് ആരോടും ഇങ്ങനെ ചെയ്യരുത്. ആ സമയത്ത് വീട്ടുകാര്‍ അനുഭവിക്കുന്ന ആ ബുദ്ധിമുട്ട് ഭയങ്കര വലുതാണ്.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here