സ്വവര്‍ഗ്ഗ വിവാഹത്തിലെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ചുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. വാദം തത്സമയം സംപ്രേക്ഷണം ചെയ്യാനും കോടതി സമ്മതിച്ചു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. നേരത്തെ സ്വവര്‍ഗവിവാഹത്തിലെ ഹര്‍ജികളില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുകയാണ് ചെയ്തത്.

ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നത് ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണ് സ്വവര്‍ഗ വിവാഹം. സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വിവാഹം മതപരവും സാമൂഹികവുമായ ആശയങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. അവ മാറ്റിമറിക്കുന്ന ആവശ്യങ്ങള്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം നിയമപ്രകാരം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സ്വവര്‍ഗ വിവാഹം സുപ്രീംകോടതിയുടെ മുന്നിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News