പാര്‍ലമെന്റില്‍ ഇന്നും അദാനി വിഷയവും രാഹുലിന്റെ ലണ്ടന്‍ പ്രസംഗവും കൊമ്പുകോര്‍ത്തേക്കും

ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന്റെ രണ്ടാം ദിനത്തിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ല. ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഇന്നലെ ഉന്നയിച്ചത് രാജ്നാഥ് സിംഗായിരുന്നു. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഇന്നും അതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ നിരായുധരാക്കാനാവും ബിജെപിയുടെ ശ്രമം. ഇന്നലെയും ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുസഭകളും നിര്‍ത്തിവച്ചതും.

എന്നാല്‍ അദാനി വിഷയം ചര്‍ച്ചകളില്‍ നിന്നും മറച്ചുപിടിക്കാനാണ് ബിജെപി ലണ്ടന്‍ വിഷയം ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നിലപാട്. അദാനി വിഷയം ഉയര്‍ത്തി ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. അദാനി വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്നും സിപിഐഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി വേട്ടയാടുന്നു എന്ന ആരോപണവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും.

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഒരുമാസത്തിന് ശേഷം പുനരാരംഭിച്ച ഇന്നലെയും സഭ പ്രക്ഷുബ്ധമായിരുന്നു. ഭരണ-പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളിലെയും നടപടികള്‍ രണ്ട് മണി വരെ നിര്‍ത്തിവച്ചിരുന്നു.

സമ്മേളനം പുനരാരംഭിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തെ ഭരണപക്ഷം ഇരുസഭയിലും ഉന്നയിക്കുകയായിരുന്നു. രാജ്യത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി വിദേശത്ത് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ലോക്‌സഭയില്‍ ആരോപിച്ചു. ഈ വിഷയത്തിലെ ഭരണ പ്രതിപക്ഷബഹളത്തെ തുടര്‍ന്നാണ് ഇരു സഭാനടപടികളും രണ്ടുമണിവരെ നിര്‍ത്തിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here