ഇന്ത്യക്കാരന് സഹായഹസ്തവുമായി സൗദിപൗരന്‍; ജയില്‍ മോചിതനാകാന്‍ നല്‍കിയത് 2 കോടി രൂപ

ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സഹായ ഹസ്തവുമായി സൗദി പൗരന്‍. അല്‍ റീന്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ഹസയിലെ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന് ദയാധനമെന്ന മോചനദ്രവ്യ തുകയായ ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ സ്വരൂപിച്ചു നല്‍കി മോചിതനാക്കുകയാണ് സൗദി പൗരന്‍ ഹാദി ബിന്‍ ഹമൂദ് ബിന്‍ ഹാദി അല്‍ ഖഹ്താനി.

റിയാദ് തായിഫ് റോഡില്‍ ബീഷക്ക് സമീപം ഖുവയ്യയില്‍ അല്‍ഹസാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ  വാഹനാപകട കേസില്‍ നാലു വര്‍ഷക്കാലത്തിലേറെയായി ജയിലഴികളിലായിരുന്ന ഉത്തര്‍പ്രദേശ് ബീജാപൂര്‍ സ്വദേശി അവതേഷ് സാഗറി (52) ന്റെ മോചനത്തിനാണ് സൗദി പൗരന്‍ മുന്നിട്ടിറങ്ങിയത്.

പ്രത്യേകം തുറന്ന അല്‍റജ്ഹി ബാങ്ക് അക്കൗണ്ടിലൂടെ സമാഹരിച്ച് കിട്ടിയ 9,45,000 റിയാല്‍( ഏകദേശം 2 കോടി രൂപ)  ഹാദി ബിന്‍ ഹമൂദ് കഴിഞ്ഞ ഞായറാഴ്ച കോടതിയില്‍ കെട്ടിവച്ചു. ഏറ്റവും അടുത്ത ദിവസം അവതേഷ് ജയില്‍ മോചിതനാകും.

ഗാര്‍ഹിക ഡ്രൈവര്‍ വീസയില്‍ വന്ന് വെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അവതേഷ്. ഒരു ദിവസം വൈകിട്ട് ഒറ്റവരി മാത്രമുള്ള റോഡിലൂടെ വണ്ടിയോടിച്ചു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അവതേഷിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലായിരുന്നു.

വളവില്‍ എതിര്‍ ദിശയില്‍ നിന്നു അതിവേഗത്തിലെത്തിയ വാഹനങ്ങളുമായി കൂട്ടിയിടി ഒഴിവാക്കന്‍ അരികിലൊതുക്കിയ ഇയാളുടെ ലോറിയിലേക്ക് സൗദി യുവാവ് ഓടിച്ച ഹൈലക്‌സ് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ യുവാവും വാഹനത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകളും മരിച്ചു.

ഒരു പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റു. മരണമടഞ്ഞ നാലുപേര്‍ക്കും പരുക്കേറ്റ പെണ്‍കുട്ടിക്കുമുള്ള നഷ്ടപരിഹാര തുകയായി 9,45,000 റിയാല്‍ കോടതി വിധിക്കുകയായിരുന്നു. ലൈസന്‍സും ഇഖാമയുമൊന്നുമില്ലാത്ത അവതേഷ് സാഗറിനെ കുറ്റക്കാരനായി കണ്ടെത്തുകയും തടവ് ശിക്ഷ അനുഭവിക്കുകയുമായിരുന്നു.

സൗദിയില്‍ ഇയാളുടെ നിരപരാധിത്തം അറിയുന്ന പൊലീസുകാരില്‍ ചിലരാണ് ഹാദി ബിന്‍ ഹമൂദ് ബിന്‍ ഹാദി അല്‍ ഖഹ്താനി എന്ന സാമൂഹികപ്രവര്‍ത്തകനെ ഇക്കാര്യം അറിയിക്കുന്നത്. പീന്നീട് അദ്ദേഹം ജയില്‍ ചെന്നു അവതേഷിനെ കണ്ടു അയാളില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞു. തുടര്‍ന്നാണ് സമൂഹമാധ്യങ്ങളിലൂടെ പണം ശേഖരിച്ച് ഹാദി ബിന്‍ അവതേഷിനന് വേണ്ടി പണം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here