ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടിയ അപാകത അംഗീകരിച്ചു, എംപി ലാഡ്സ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിച്ചു

എംപി ലാഡ്‌സ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിച്ച അപാകതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എംപി ലാഡ്‌സിലെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിക്കണമെന്നും നിലവിലുള്ള വ്യവസ്ഥ തുടരണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.

എംപി ലാഡ്‌സ് പദ്ധതിയുടെ നിലവിലുണ്ടായിരുന്ന മാര്‍ഗ്ഗരേഖ പ്രകാരം പദ്ധതിയുടെ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പദ്ധതികള്‍ക്ക് ചെലവഴിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ 2022 മാര്‍ച്ച് ഒമ്പതാം തീയതി ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പ്രകാരം എംപിലാഡ്സ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകളില്‍ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പ്രവൃത്തികള്‍ക്ക് വേണ്ടി വിനിയോഗിക്കാതെ തിരികെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

രാജ്യത്തെ എല്ലാ എംപിമാരുടെയും അഞ്ചുവര്‍ഷത്തെ എംപി ലാഡ്‌സ് ഫണ്ടിന്റെ പലിശയിനത്തില്‍ ലഭിക്കാവുന്നത് ഏതാണ്ട് 1000 കോടി രൂപയ്ക്ക് മുകളിലാണ്. കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്പെടുമായിരുന്ന ഈ ഭീമമായ തുക നഷ്ടപ്പെടുന്ന നിലയിലായിരുന്നു സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഈ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡോ.ജോണ്‍ബ്രിട്ടാസ് എംപി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

ഈ വ്യവസ്ഥ സംബന്ധിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം കേന്ദ്രം രേഖാമൂലം മറുപടി നല്‍കിയുന്നു. പുതുക്കിയ എംപിലാഡ്സ് പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പദ്ധതികള്‍ക്ക് ചെലവഴിക്കാനുണ്ടായിരുന്ന സൗകര്യം ഈ മാസം സെപ്റ്റംബര്‍ വരെ മാത്രമേ ലഭ്യമാകു എന്നായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്. അതിന് ശേഷം പലിശയിനത്തിലെ തുക കണ്‍സോളിഡേറ്റ് ഫണ്ടിലേക്ക് മടക്കി നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വരുമെന്ന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം അധികപണം ഉപയോഗിച്ച് ചെയ്യാമായിരുന്ന പദ്ധതികളെ ബാധിക്കുന്നതാണ് എന്ന നിലയിലുള്ള ചര്‍ച്ചകള്‍ക്കും മാധ്യമവാര്‍ത്തകള്‍ക്കും ഈ മറുപടി വഴിതെളിച്ചിരുന്നു. ഇതോടെയാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News