ബ്രഹ്‌മപുരം തീ പിടിത്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാന്റിന്റെ നിര്‍മ്മാണം മുതല്‍ അനേഷിക്കും. തീപിടിത്തത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലിരുന്ന കാലഘട്ടത്തിലെ അടക്കം കാര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തീപിടിത്തം എങ്ങനെ ഉണ്ടായി, ഉത്തരവാദികള്‍ ആരൊക്കെ, കൊച്ചി കോര്‍പറേഷന് വീഴ്ച്ച പറ്റിയോ എന്നതടക്കം എല്ലാക്കാര്യങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടുത്തം ഉണ്ടായതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായി ഇടപെടല്‍ ഉണ്ടായി. മാര്‍ച്ച് 13 ന് ബ്രഹ്‌മപുരത്തെ പുക പൂര്‍ണമായും അണച്ചു. രാപ്പകല്‍ഭേദമില്ലാതെയാണ് അഗ്‌നിശമനസേന പ്രവര്‍ത്തിച്ചത്. 2500 അഗ്‌നിശമനസേന അംഗങ്ങളും 500 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പും കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഇതില്‍ രാപ്പകല്‍ ഇടപ്പെട്ടു. ഇവരെ  എല്ലാവരെയും അഭിനന്ദിക്കുതായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ബ്രഹ്‌മപുരത്ത് ജാഗ്രത ഇപ്പോഴും തുടരുന്നു. തീയണയ്ക്കുന്നതിന് വിവിധ കോണില്‍ നിന്നുള്ള വിദഗ്ധാഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. തീ അണയ്ക്കുന്നതില്‍ ആദ്യഘട്ടത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടു. എന്നാല്‍ പ്രശ്‌നങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചു. വായു ഗുണനിലവാരം നിരന്തരം വിലയിരുത്തി. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് മുന്‍കാലത്ത് ബ്രഹ്‌മപുരത്ത് നടന്നുവന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News