‘ചാറ്റ്ജിപിടി ജോലികൾ കളയും, എനിക്ക് പേടിയുണ്ട്’; തുറന്നുപറഞ്ഞ് ഓപ്പൺ എഐ സിഇഒ

ടെക് ലോകത്തെ വിപ്ലവമാണ് ചാറ്റ് ജിപിടി. നൊടിയിടനേരം കൊണ്ട് എന്തിനും ഏതിനും പുഷ്പം പോലെ ഉത്തരങ്ങള്‍ നല്‍കുന്ന ചാറ്റ് ജിപിടി ഇപ്പോള്‍ത്തന്നെ ഒരുപാട് പേര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ കണ്ടുപിടിത്തം മനുഷ്യർക്ക് ദോഷമാകുമോ എന്ന സംശയം ആളുകൾക്കെല്ലാമുണ്ടായിരുന്നു. ഇതിനുള്ള ഉത്തരവുമായി ഓപ്പൺ എഐ സിഇഒ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചാറ്റ് ജിപിടി മനുഷ്യരുടെ ജോലികൾ കളഞ്ഞേക്കാമെന്ന ആശങ്ക തുറന്നുപറയുകയാണ് സിഇഒ ആയ സാം ആൾട്ട്മാൻ. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സാം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘നമ്മൾ ശരിക്കും സൂക്ഷിക്കേണ്ടതുണ്ട്. ആളുകൾ ഈ കണ്ടുപിടിത്തത്തിൽ സന്തോഷവാന്മാരായിരിക്കുന്നത് പോലെ പേടിയിലുമാണ്. ശരിക്കും ചാറ്റ്ജിപിടി ജോലികൾ കളയും, പക്ഷെ നമുക്ക് പുതിയത് ഉണ്ടാക്കാവുന്നതേയുള്ളു. എന്തായാലും ചാറ്റ്ജിപിടി ഈ യുഗത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമാണ്’, സാം പറയുന്നു.

ഇത് കൂടാതെ വിദ്യാഭ്യാസരംഗത്ത് ചാറ്റ്ജിപിടി വിപ്ലവം തീർക്കുമെന്നും സാം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അവ വിദ്യാർത്ഥികളെ മടിയന്മാരാക്കിത്തീർക്കുമെന്ന ഭയവും സാമിനുണ്ട്. പക്ഷെ മാറ്റങ്ങൾ അനിവാര്യമാണെന്നാണ് സാമിന്റെ നിലപാട്. അതുപോലെത്തന്നെ, ചാറ്റ്ജിപിടി ദുരുപയോഗിക്കപ്പെടാതിരിക്കാൻ ഭരണകൂടങ്ങളുമായി താൻ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here