“കര്‍ണ്ണാടകയില്‍ വെറുപ്പിന്റെ ചന്ത ജനങ്ങള്‍ തകര്‍ത്തു”; കെ ടി ജലീല്‍

കര്‍ണ്ണാടകയില്‍ വെറുപ്പിന്റെ ചന്ത ജനങ്ങള്‍ തകര്‍ത്തുവെന്ന് കെ ടി ജലീല്‍. കര്‍ണ്ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ ബി.ജെ.പിയുടെ ‘ഹിന്ദുത്വ’കാര്‍ഡ് കീറിയെറിഞ്ഞത് രാജ്യത്തിന് നല്‍കുന്ന സന്തോഷം അളവറ്റതാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

അധികാര വടംവലി കാര്‍ണ്ണാടകയിലെ മിന്നും ജയത്തിന്റെ പൊലിമ കെടുത്താതിരിക്കട്ടെയെന്നും ഐക്യത്തോടെ മുന്നേറാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ണാടക കരുത്തേകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ‘മുസീബത്തില്‍’ നിന്ന് ഇന്ത്യ രക്ഷപ്പെടട്ടെയെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: 

”കർണ്ണാടകയിൽ വെറുപ്പിൻ്റെ ചന്ത ജനങ്ങൾ തകർത്തു”

കർണ്ണാടകയിൽ ഹിന്ദുമത വിശ്വാസികൾ ബി.ജെ.പിയുടെ “ഹിന്ദുത്വ”കാർഡ് കീറിയെറിഞ്ഞത് രാജ്യത്തിന് നൽകുന്ന സന്തോഷം അളവറ്റതാണ്. ഡി.കെ ശിവകുമാറും സീതാരാമയ്യയും തീർത്ത വർഗ്ഗീയ വിരുദ്ധ പ്രതിരോധ കവചം ഭേദിക്കാൻ മോദിയുടെയും അമിത്ഷായുടെയും ”ജയ് ഹനുമാൻ” മുദ്രാവാക്യത്തിനായില്ല. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര വിഫലമായില്ലെന്ന സൂചനയാണ് കർണ്ണാടക നൽകുന്നത്.

പണം കൊടുത്ത് വിലക്ക് വാങ്ങിയ ഗോവയും പോണ്ടിച്ചേരിയും മാറ്റി നിർത്തിയാൽ അക്ഷരാർത്ഥത്തിൽ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായിരിക്കുന്നു. അമിത്ഷായുടെ മൂട്ടിൽ അമിട്ട് പൊട്ടിയ പ്രതീതിയാണ് കാർണ്ണാടകയിലെ തോൽവി ബി.ജെ.പി കേമ്പുകളിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഒരുപക്ഷെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ വർഗ്ഗീയ വിഷം ചീറ്റുന്ന ഒരു ഹിന്ദുത്വ കക്ഷിയെ നിരോധിക്കുമെന്ന് പറഞ്ഞ് ഒരു പാർട്ടിയും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. പ്രകടനപത്രികയിലെ “ഭജ്റംഗ്ദൾ”നിരോധനം കോൺഗ്രസ്സിൻ്റെ ജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയവർ കോൺഗ്രസ് പക്ഷത്തും പുരോഗമന രാഷ്ട്രീയ പക്ഷത്തും ധാരാളമുണ്ടായിരുന്നു. അവരുടെയെല്ലാം ധാരണ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് കോൺഗ്രസ്സിൻ്റെ തകർപ്പൻ മുന്നേറ്റം.

സമീപകാലത്ത് കർണ്ണാടകയിലുണ്ടായ എല്ലാ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളും ബി.ജെ.പി പിന്തുണയിൽ നടത്തിയിരുന്നത് തീവ്ര ഹിന്ദുത്വ വർഗ്ഗീയ വാദികളായ ഭജ്റംഗ്ദളാണ്. ‘ഹിജാബ്’ വിവാദവും മുസ്ലിം വിരുദ്ധ സംഘർഷങ്ങളും പശുവിൻ്റെ പേരിലുള്ള കൊലപാതകങ്ങളും ടിപ്പു മസ്ജിദ് പിടിച്ചടക്കാനുള്ള നീക്കവുമെല്ലാം നടത്തി കർണ്ണാടകയുടെ മതേതര മനസ്സിനെ വിഷലിപ്തമാക്കാൻ ആവുന്നതെല്ലാം അവർ ചെയ്തു. ലോകത്തിനു മുന്നിൽ കർണാടകയെ നാണം കെടുത്തി.

ഭജ്റംഗ്ദളിൻ്റെ അസഹിഷ്ണുതാ പ്രചരണത്തെ ഹിന്ദു ഏകീകരണത്തിന് ഉപയോഗിക്കാനാണ് മോദിയും അമിത്ഷായും ലക്ഷ്യമിട്ടത്. ഇല്ലാക്കഥ പറഞ്ഞ് മെനഞ്ഞെടുത്ത “കേരള സ്റ്റോറി”യുടെ മഹത്വം പറഞ്ഞ് ഘോരഘോരം പ്രസംഗിച്ച് ഹിന്ദുക്കളെ ഭയപ്പെടുത്തിയ മോദിയുടെ മുഖത്തേറ്റ കനത്ത അടിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം. മലയാളക്കരയിലെ “കേരള സ്റ്റോറി” ആരാധകർക്കും ഇതൊരു പാഠമാണ്.

ഗാന്ധിജിയുടെയും നഹ്റുവിൻ്റെയും മൗലാനാ ആസാദിൻ്റെയും ഇന്ത്യയെ പുനസൃഷ്ടിക്കാൻ കർണ്ണാടകയിലെ 84% വരുന്ന ഹിന്ദുക്കൾ തീരുമാനിച്ചതിൻ്റെ ആഹ്ലാദം ഏതൊരു മതേതര വിശ്വാസിയേയും ആവേശം കൊള്ളിക്കും. നൂറ്റാണ്ടുകൾ മോദിയും അമിത്ഷായും മോഹൻ ഭാഗവതും കിണഞ്ഞ് നോക്കിയാലും 80% വരുന്ന ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിരുദ്ധതയുടെ കാവിപുതപ്പിച്ച് കൂടെ നടത്താൻ കഴിയില്ല.
കർണ്ണാടകയിൽ 13% വരുന്ന മുസ്ലിങ്ങൾക്ക് നൽകിയിരുന്ന 4% സംവരണം തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സർക്കാർ എടുത്തു കളഞ്ഞു. മതേതര കക്ഷികൾ അതിനെ ശക്തമായി എതിർത്തു. മുസ്ലിങ്ങൾ ഉൾപ്പടെ എല്ലാ മത സമുദായ ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പു വരുത്തുമെന്ന് കോൺഗ്രസ് ഉറപ്പു നൽകി. അതിന് ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും സങ്കോചമില്ലാതെ അവർ വ്യക്തമാക്കി.

സമീപകാലത്ത് ഇത്രമാത്രം “ബോൾഡായി” കോഗ്രസ്സ് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. തീവ്ര ഹിന്ദുത്വത്തിനുള്ള ബദൽ മൃദു ഹിന്ദുത്വമാണെന്ന കോൺഗ്രസ് നേതാക്കളുടെ തെറ്റായ ധാരണ തിരുത്താൻ സമയം അതിക്രമിച്ചെന്ന സന്ദേശവും കൂടിയാണ് കർണ്ണാടക നൽകുന്നത്.
ഭജ്റംഗ്ദൾ നിരോധനം ഇന്ത്യൻ പൈത്യകത്തോടുള്ള കടുത്ത അവഹേളനയാകുമെന്നും അത് സമ്മതിക്കരുതെന്നുമുള്ള മോദിയുടെ ആഹ്വാനം ജനം പുച്ഛിച്ചു തള്ളി. യഥാർത്ഥ ഹിന്ദുക്കൾ വെറുപ്പിൻ്റെ ചന്ത കർണാടകയിൽ അടച്ചുപൂട്ടി. തൽസ്ഥാനത്ത് സ്നേഹത്തിൻ്റെ കടകൾ തുറക്കുകയും ചെയ്തു. കർണ്ണാടകയിൽ കോൺഗ്രസ്സിനെ വിജയിപ്പിച്ച് മോദിയുടെയും അമിത്ഷായുടെയും വർഗ്ഗീയ തേരോട്ടത്തിന് കടിഞ്ഞാണിട്ട മുഴുവൻ മതേതര വിശ്വാസികൾക്കും അഭിനന്ദനങ്ങൾ.

ഇന്ത്യയിലെ ജനങ്ങൾ സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവരാണ്. അഞ്ചോ പത്തോ വർഷം അവർക്കിടയിൽ ചേരിപ്പോരുണ്ടാക്കി തെരഞ്ഞെടുപ്പു വിജയം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞേക്കാം. എന്നാൽ ആത്യന്തികമായി പകയുടെ രാഷ്ട്രീയം ഇന്ത്യൻ മനസ്സുകളിൽ വേരുപിടിപ്പിക്കാനാവില്ല. ഒരുറുമ്പിനെപ്പോലും നോവിക്കരുതെന്നാണ് ഭാരതീയ സംസ്കാരം ഉൽഘോഷിക്കുന്നത്.

ജയിച്ച കോൺഗ്രസ്സിനെ ആഭ്യന്തര പ്രശ്നങ്ങൾ അലട്ടാതിരിക്കട്ടെ. അധികാര വടംവലി കാർണ്ണാടകയിലെ മിന്നും ജയത്തിൻ്റെ പൊലിമ കെടുത്താതിരിക്കട്ടെ. ഐക്യത്തോടെ മുന്നേറാൻ പ്രതിപക്ഷ പാർട്ടികൾക്ക് കർണാടക കരുത്തേകട്ടെ. ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെയും ‘മുസീബത്തിൽ’ നിന്ന് ഇന്ത്യ രക്ഷപ്പെടട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News