മുണ്ടക്കൈ പുനരധിവാസം; കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ സംസ്ഥാന സർക്കാർ നടത്തിയത് വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടം

wayanad landslide

ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവേചനം ഹൈക്കോടതിയിൽ തുറന്നുകാട്ടാൻ കേരളത്തിനായി. സംസ്ഥാനത്തോടുള്ള നിഷേധാത്മക സമീപനത്തിൻ്റെ പേരിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷമായ വിമർശനം കേൾക്കേണ്ടതായും വന്നു. പുനരധിവാസത്തിനുളള ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ തടസ്സം നീക്കാൻ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടം സുപ്രിംകോടതി വരെ നീണ്ടു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് എട്ടിന് തന്നെ ഹൈക്കോടതിയുടെ ആദ്യ ഇടപെടൽ ഉണ്ടായി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ കോടതി രജിസ്ട്രാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. പിന്നീട് കോടതി മുറിയിൽ കണ്ടത് സംസ്ഥാന സർക്കാരിന്റെ നിരന്തര നിയമ പോരാട്ടം. കേന്ദ്രസഹായം ലഭ്യമാക്കുന്നതിൽ, ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ, എസ് ഡി ആർ എഫ് മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതിൽ തുടങ്ങി ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും കോടതിയുടെ ഇടപെടൽ ഉണ്ടായി. അത് സംസ്ഥാനത്തിന് പല ഘട്ടങ്ങളിലും നേട്ടവുമായി.

Also read: കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്

കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പലതവണ കോടതി ശക്തമായ വിമർശനമുന്നയിച്ചു. കേന്ദ്ര സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് വരെ ഒരു ഘട്ടത്തിൽ ഡിവിഷൻ ബഞ്ചിന് പറയേണ്ടി വന്നു. നിങ്ങൾക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്നായിരുന്നു കേന്ദ്രസർക്കാരിനോട് രോഷത്തോടെ കോടതി ചോദിച്ചത്. കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ദില്ലിയിലിരിക്കുന്നവർ തയ്യാറായില്ലെങ്കിൽ അടുത്ത വിമാനത്തിൽ അവരെ കൊച്ചിയിൽ എത്തിക്കാൻ കോടതിക്ക് അറിയാമെന്ന് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ ഒരു ഘട്ടത്തിൽ മുന്നറിയിപ്പ് നൽകി.

സമ്മർദ്ദത്തെ തുടർന്ന് പ്രഖ്യാപിക്കേണ്ടി വന്ന 520 കോടിയുടെ കേന്ദ്രസഹായം മാർച്ച് 31നകം നിയോഗിക്കണമെന്ന് വിചിത്ര നിർദ്ദേശം മോദി സർക്കാർ മുന്നോട്ടു വച്ചപ്പോഴും കോടതിയെ ഇടപെടുത്താൻ നമുക്കായി. ഡിസംബർ 31 വരെ സമയം നീട്ടിനിൽക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത് കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ചെറുതെങ്കിലും ഒരു തുക അനുവദിച്ചുവെങ്കിലും ചെലവഴിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു കേന്ദ്രം. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ നമുക്കായി. എസ് ഡി ആർ എഫ് ഫണ്ടിൽ നിന്നും 120 കോടി രൂപ വയനാട്ടിൽ വിനിയോഗിക്കാൻ മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യമായിരുന്നു അവിടെയും കോടതിയെ സമീപിച്ച് നമ്മൾ ഇളവ് നേടി. ഹെലികോപ്റ്റർ വാടകയും മറ്റുമായി യാതൊരു മനസ്സാക്ഷിയും ഇല്ലാതെ കോടികൾ സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടപ്പോഴും രക്ഷയ്ക്ക് എത്തിയത് കോടതിയായിരുന്നു. മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയമിച്ച് കോടതി ദുരന്തബാധിതർക്ക് ഒപ്പം നിന്നു .

ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്നതായിരുന്നു കോടതിയിൽ കേരളം ഉന്നയിച്ച മറ്റൊരു വിഷയം. വായ്പ എഴുതിത്തള്ളാനാവില്ല, വായ്പുകൾക്ക് മൊറോട്ടോറിയം ഇതായിരുന്നു കേന്ദ്ര നിലപാട്. കോടതി ശക്തമായി ഇടപെട്ടപ്പോൾ ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കി രക്ഷപ്പെടാനായി കേന്ദ്രം ശ്രമം. ഇടക്കാല ഉത്തരവിലൂടെ കേന്ദ്ര നീക്കത്തെ കോടതി പൊളിച്ചു. ഈ വിഷയത്തിൽ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും വയനാട് ദുരന്തം തീവ്ര ദുരന്തമായി കേന്ദ്രസർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നത് ഈ നിയമ പോരാട്ടത്തിന്റെ ഫലമാണ്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുത്തപ്പോഴും വിഷയം കോടതിയിൽ എത്തി. സർക്കാർ നടപടി ചോദ്യംചെയ്ത് ഹരിസൺ മലയാളം, എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ച് സർക്കാർ നിയമക്കുരുക്ക് അഴിച്ചു . ഉടമ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സർക്കാർ വിട്ടുകൊടുത്തില്ല. സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിലും നമുക്ക് വിജയം ഉറപ്പിക്കാനായി. ചുരുക്കത്തിൽ പുനരധിവാസം സമയബന്ധിതമായി ആരംഭിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും നമ്മൾ തേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News