
ആരോഗ്യരംഗത്ത് മികവുറ്റ രീതിയിൽ മുന്നേറുകയാണ് നമ്മുടെ കേരളം. സംസ്ഥാനം കൈവരിച്ച ആ നേട്ടങ്ങളുടെ ലിസ്റ്റിലേക്ക് ഒരു സ്നേഹത്തിന്റെ ചേർത്തുപിടിക്കലിൻ്റെ ഒരേട് കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്. ഇത് വെറുമൊരു നേട്ടം മാത്രമല്ല കേരളത്തിൻ്റെ ആതിഥേയ സംസാകരത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ഉപജീവനം തേടി കേരളത്തിൽ എത്തിയ അതിഥി തൊഴിലാളിയായ ശിശുപാലിന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ നടപ്പാക്കിയ ‘ഹൃദ്യം’ പദ്ധതി സഹായകമായിരിക്കുകയാണിപ്പോൾ. കുട്ടിയുടെ ജീവൻ തിരിച്ച് നൽകിയ കേരള സർക്കാരിന് ഇപ്പോൾ നന്ദി അറിയിച്ചിരിക്കുകയാണ് പിതാവ് ശിശുപാൽ.
ഉത്തർപ്രദേശ് സ്വദേശികളായ ശിശുപാലും ഭാര്യയും രണ്ട് വർഷം മുമ്പാണ് ജോലി തേടി കേരളത്തിലേക്ക് എത്തിയത്. ഇരുവരും പുല്ലുവെട്ട് തൊഴിലാളിയായിരുന്നു. ശിശുപാലിന്റെ മകൻ രാംരാജ് ജന്മനാ ഹൃദ്രോഗിയായിരുന്നു. ഒരു ദിവസം ശ്വാസം നിലക്കാറായ കുഞ്ഞിനെയും കൊണ്ട് ശിശുപാലും ഭാര്യ രുചിയും കാസർഗോട് ജില്ലയിലെ മൂളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഓടിയെത്തുകയായിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് അപകടകരമായ നിലയിൽ കുറവാണെന്ന് കണ്ട ആരോഗ്യ പ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിൽ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. മൂളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കുഞ്ഞ് രാമരാജിന്റെ പേര് ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്ന ‘ഹൃദ്യം’ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നു.
ALSO READ: അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെ പൊതുസമൂഹത്തോട് ചേർത്ത് നിർത്തുകയാണ് ലക്ഷ്യം: മന്ത്രി ഒ.ആർ.കേളു
പിന്നാലെ ഈ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് ആവശ്യമായ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കേരള സർക്കാരിന് നന്ദി പറയുകയാണ് കുഞ്ഞിന്റെ അച്ഛൻ ശിശുപാൽ. ഉത്തർപ്രദേശിൽ ഓക്സിജൻ നിലച്ച് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ ശ്വാസം മുട്ടി മരിച്ച വാർത്ത കേട്ടിരുന്ന ഭയന്നിരുന്ന ശിശുപാലിന്റേയും രുചിയുടേയും മുഖത്ത് ഇന്ന് പുഞ്ചിരിയാണ്. കേരളത്തിൽ ആയതിനാലാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയതെന്ന് പറയുന്ന ശിശുപാലന്റെ വാക്കുകളിൽ കേരളം എന്ന നാടിനോടുള്ള സ്നേഹം നമുക്ക് കാണാനാകും.
കേരളവും സംസ്ഥാന സർക്കാരും ഈ കുടുംബത്തിന് താങ്ങും തണലുമായി മാറുന്ന ഉദാത്ത മാതൃകയായാണ് ഈ സംഭവം ജനങ്ങൾക്ക് കാണിച്ച് തരുന്നത്. അതിഥേയ മര്യാദയ്ക്കപ്പുറം വറ്റാത്ത മനുഷ്യ സ്നേഹത്തിന്റെ ഉറവ കൂടിയാണ് കേരളമെന്ന് നമ്മൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അതെ, കേരളം ഒരു ബദലാകുന്നത് ഇങ്ങനെയൊക്കെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

