
കേവലം കരിയർ വളർച്ചയ്ക്കപ്പുറം, സ്വന്തം വ്യക്തിത്വത്തെയും മാനസികാരോഗ്യത്തെയും മുൻനിർത്തി ജെൻ സി ജീവനക്കാർ സ്വീകരിച്ചുപോരുന്ന പുതിയ അതിജീവന തന്ത്രമാണ് ‘ഓഫീസ് ഫ്രോഗിംഗ്’. ഒരു ഇലയിൽ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന തവളയെപ്പോലെ, മെച്ചപ്പെട്ട അവസരങ്ങൾക്കും സമാധാനപരമായ തൊഴിൽ സാഹചര്യങ്ങൾക്കുമായി ചുരുങ്ങിയ കാലയളവിനുള്ളിൽ ജോലി മാറുന്ന ഈ രീതി ഇന്ന് കോർപ്പറേറ്റ് ലോകത്തെ വലിയ ചർച്ചാവിഷയമാണ്.
സ്ഥാപനങ്ങളോടുള്ള അന്ധമായ കൂറിനേക്കാൾ ഉപരിയായി, സ്വന്തം കഴിവിനെ രാകിമിനുക്കാനും പഠിക്കാനുമുള്ള അവസരങ്ങൾക്കാണ് ജെൻ സി തലമുറ മുൻഗണന നൽകുന്നത്. ഫോർബ്സ് റിപ്പോർട്ടുകൾ അനുസരിച്ച് ഇത് ഒരു തലമുറയുടെ മാത്രം പ്രശ്നമല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിലെ അസ്ഥിരതയ്ക്കെതിരെയുള്ള സ്വാഭാവികമായ ഒരു പ്രതികരണം കൂടിയാണ്.
ALSO READ : മറക്കാൻ കഴിയില്ല ഈ 5 സൂപ്പർ ബൈക്കുകളെ! വെള്ളിത്തിരയിലെ കരുത്തൻമാരുടെ പട്ടിക ഇതാ..
മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ഈ പ്രവണത വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ടോക്സിക് ആയ തൊഴിൽ സാഹചര്യങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ഉടൻ തന്നെ മോചനം നേടാൻ ഇത് സഹായിക്കുന്നുണ്ടെങ്കിലും, അടിക്കടിയുള്ള ഈ കൂടുമാറ്റം ദീർഘകാലാടിസ്ഥാനത്തിൽ ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്.
ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായ ഗുർലീൻ ബറുവയുടെ നിരീക്ഷണത്തിൽ, ഓരോ മാറ്റവും താൽക്കാലികമായ ആശ്വാസവും നിയന്ത്രണബോധവും നൽകുമെങ്കിലും, ഒരിടത്തും വേരുറപ്പിക്കാൻ കഴിയാത്ത അവസ്ഥ ഉത്കണ്ഠയ്ക്കും സ്വയം സംശയത്തിനും വഴിവെച്ചേക്കാം. കരിയറിന്റെ തുടക്കകാലത്ത് ഈ തന്ത്രം ഗുണകരമാകുമെങ്കിലും, ഉത്തരവാദിത്തമുള്ള ഉന്നത പദവികളിലേക്ക് എത്തുമ്പോൾ സ്ഥിരതയും വിശ്വാസ്യതയും പ്രധാനമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ഈ പുതിയ സാഹചര്യത്തിൽ തൊഴിലുടമകളും തങ്ങളുടെ മനോഭാവം മാറ്റേണ്ടതുണ്ട്. പഴയകാലത്തെ ‘ലോയൽറ്റി’ പ്രതീക്ഷിക്കുന്നതിന് പകരം, ജീവനക്കാർക്ക് അർത്ഥവത്തായ തൊഴിൽ സാഹചര്യവും വളർച്ചയ്ക്കുള്ള അവസരങ്ങളും ഒരുക്കിക്കൊടുക്കുക എന്നതാണ് പ്രധാനം. ജോലിയിൽ തുടരുന്നത് കടപ്പാട് കൊണ്ടല്ല, മറിച്ച് ആ സ്ഥാപനം നൽകുന്ന മൂല്യം കൊണ്ടാകണം എന്ന നിലയിലേക്ക് കമ്പനികൾ മാറണം.
ജെൻ സി മുന്നോട്ടുവെക്കുന്ന ഈ ‘ഓഫീസ് ഫ്രോഗിംഗ്’ യഥാർത്ഥത്തിൽ കമ്പനികളെ കൂടുതൽ മനുഷ്യത്വപരമായ തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ട്രാറ്റജിക് ആയ ഓരോ ചലനവും കരിയറിനെ ശക്തിപ്പെടുത്തുമ്പോൾ തന്നെ, അത് വെറും ഒളിച്ചോട്ടമാകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


