
അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിന് അഭിമാനമായി മാറുകയാണ് കാസർകോട് കൊളത്തൂർ സ്വദേശിനിയായ ശ്രീവിദ്യ മേലത്ത്. കേവലം ഒരു കർഷക എന്നതിലുപരി, കൃഷിയെ ശാസ്ത്രീയമായും ആധുനികമായും സമീപിച്ചുകൊണ്ട് ലാഭകരമായ ഒരു ഉപജീവനമാർഗ്ഗമാക്കി മാറ്റാമെന്ന് ഈ യുവതി തെളിയിക്കുന്നു. തന്റെ ‘പൂങ്കാവനം അഗ്രി’ എന്ന ബ്രാൻഡിലൂടെ വൈവിധ്യമാർന്ന വിളകൾ വിളയിച്ച് നാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ശ്രീവിദ്യ.
മണ്ണിന്റെ ഗുണവും കാലാവസ്ഥയുടെ മാറ്റങ്ങളും കൃത്യമായി പഠിച്ചുകൊണ്ടാണ് ശ്രീവിദ്യ ഓരോ കൃഷിയും ആരംഭിക്കുന്നത്. നിലവിൽ വേനൽ കടുത്തതോടെ ശ്രീവിദ്യയുടെ തോട്ടത്തിൽ അഞ്ചിനം ഹൈബ്രിഡ് തണ്ണിമത്തനുകളാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. മുക്കാസ്, എഫ് വൺ, ജൂബിലി കിങ്, ആരോഹി, വിശാല, ഓറഞ്ച് മഞ്ച് തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഡിസംബർ ആദ്യവാരം വിത്തിറക്കി വെറും 65 ദിവസത്തിനുള്ളിൽ വിപണിയിലെത്തിക്കാൻ ഇവർക്ക് സാധിച്ചു. റംസാൻ സീസൺ ആരംഭിച്ചതോടെ ഈ തണ്ണിമത്തനുകൾക്ക് ആവശ്യക്കാരേറെയാണ്.
തണ്ണിമത്തൻ മാത്രമല്ല, മുളക്, പയർ, കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങി ഇരുപതോളം ഇനം പച്ചക്കറികളാണ് രണ്ടരയേക്കർ പാട്ടഭൂമിയിൽ സമൃദ്ധമായി വളരുന്നത്. ദേശീയപാതയോരത്തെ പൊയിനാച്ചിയിലും കൊളത്തൂരിലുമാണ് ഈ കൃഷിയിടങ്ങൾ. ചെടികൾക്കാവശ്യമായ ഈർപ്പവും വായുസഞ്ചാരവും താപനിലയും കൃത്യമായി ക്രമീകരിക്കുന്ന ‘സംരക്ഷിത കൃഷിരീതി’ (Protected Farming) അവലംബിക്കുന്നതാണ് ശ്രീവിദ്യയുടെ വിജയരഹസ്യം. ഇസ്രയേലിലെ നൂതന കൃഷിരീതികൾ നേരിട്ട് പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പ് അയച്ച സംഘത്തിൽ അംഗമായിരുന്ന ശ്രീവിദ്യ, അവിടെനിന്ന് ആർജ്ജിച്ച അറിവുകൾ സ്വന്തം മണ്ണിൽ പ്രായോഗികമാക്കിയാണ് നൂറുമേനി വിളവ് കൊയ്യുന്നത്.
ഇടനിലക്കാരുടെ ചൂഷണമില്ലാതെ തോട്ടത്തിൽ നിന്നും റോഡരികിൽ നിന്നും നേരിട്ടാണ് വിപണനം നടത്തുന്നത് എന്നത് ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷക പുരസ്കാരം തേടിയെത്തിയ ഈ പോരാട്ടത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുമുണ്ട്. പ്രതിസന്ധികളിൽ തളരാതെ മണ്ണിൽ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചാൽ കാർഷിക രംഗത്തും വൻ വിജയം നേടാമെന്ന് ശ്രീവിദ്യ തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

