റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ്: ബിജെപിക്കെതിരായ 19,97,000 രൂപ പിഴ ഈടാക്കാതെ തിരുവനന്തപുരം കോർപ്പറേഷൻ

trivandrum-corporation-fails-to-collect-20-lakh-fine-from-bjp-flex-controversy

റോഡ് കയ്യേറി പ്രധാനമന്ത്രിയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ചുമത്തിയ പിഴ അടയ്ക്കാൻ ബിജെപി തയ്യാറാകുന്നില്ല. 19,97,000 രൂപ പിഴ ഈടാക്കിയെങ്കിലും ഒരു രൂപ പോലും ബിജെപി ഇതുവരെ അടച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ബിജെപിയിൽ നിന്ന് പിഴ ഈടാക്കാൻ നടപടി സ്വീകരിക്കാത്ത കോർപ്പറേഷൻ, പിഴ ചുമത്തിയ ഉദ്യോഗസ്ഥയെ തൽസ്ഥാനത്തു നിന്ന് നീക്കിയതായും വിവരാവകാശ രേഖയിൽ സമ്മതിക്കുന്നുണ്ട്. എറണാകുളം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് കോർപ്പറേഷന്റെ ഈ മറുപടി.

2026 ജനുവരി 23ന് പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ പ്രചരണാർത്ഥം റോഡുകളും നടപ്പാതകളും കയ്യേറി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്. 19,97,000 രൂപ പിഴ ചുമത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്ന് മറുപടി നൽകിയ കോർപ്പറേഷൻ, എന്നാൽ നാളിതുവരെയായി തുക അടച്ചിട്ടില്ലെന്നും വ്യക്തമാക്കി. പിഴത്തുക ഈടാക്കുന്നതിനായി കോർപ്പറേഷൻ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്ന് രാജു വാഴക്കാല ആവശ്യപ്പെട്ടു.

പിഴത്തുക ഈടാക്കാൻ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിലും പിഴ ചുമത്തിയ ഉദ്യോഗസ്ഥയെ മാറ്റാൻ കോർപ്പറേഷൻ വേഗത്തിൽ നീക്കം നടത്തി. കൗൺസിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് റവന്യൂ ഓഫീസറായ ജി. ഷൈനിയെ മാറ്റി പകരം പി. അനിൽകുമാറിനെ നിയമിച്ചതായി വിവരാവകാശ രേഖയിലൂടെ കോർപ്പറേഷൻ സ്ഥിരീകരിച്ചു.

അതേസമയം, പിഴ അടച്ചില്ലെങ്കിൽ ബിജെപിക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക എന്ന ചോദ്യത്തിന് അത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്നില്ല എന്ന മറുപടിയാണ് അധികൃതർ നൽകിയത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പാർട്ടിക്ക് അനുകൂലമായി രാഷ്ട്രീയം കളിക്കുന്നു എന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News