
മലയാള സിനിമ അത്യുന്നതങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ രീതിയിലും മികച്ച നേട്ടങ്ങളാണ് മലയാള സിനിമ സ്വന്തമാക്കികൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങൾക്കൊപ്പം തന്നെ മലയാള സിനിമയിലെ സ്ത്രീപക്ഷ സിനിമകളെ കുറിച്ച് പറയുന്നത് ഏറെ പ്രസക്തമാണ്.
ആദ്യ കാലഘട്ടങ്ങളിൽ സിനിമകളിൽ സ്ത്രീ എന്നത് പുരുഷ കഥാപാത്രത്തെ ചുറ്റിപറ്റി നിൽക്കുന്ന ഒന്നായിരുന്നു. എന്നാൽ കാലത്തിനൊത്ത് സിനിമ വളർന്നതോടെ അതിനും കാര്യമായ മാറ്റം സംഭവിച്ചു. കുറച്ചു വർഷങ്ങളായി സിനിമകളിൽ സ്ത്രീകളുടെ ജീവിതം, അവരുടെ പോരാട്ടങ്ങൾ, സ്വാതന്ത്ര്യത്തിനായുള്ള തിരച്ചിൽ എന്നിവ പ്രധാന വിഷയങ്ങളായി മാറി.
സ്ത്രീയുടെ തൊഴിൽ, കുടുംബത്തിനുള്ളിലെ അസമത്വം, ആത്മാഭിമാനം, സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ മലയാളസിനിമയിൽ അവതരിപ്പിച്ച് തുടങ്ങിയതോടെ സ്ത്രീപക്ഷ സിനിമകൾക്ക് ഒരു സ്ഥാനം തന്നെ മലയാള സിനിമകളിൽ സ്വന്തമാക്കാൻ കഴിഞ്ഞു.
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി മികച്ച സിനിമകൾ ഉണ്ടായി. അതിന് ഉദാഹരണമാണ് “ഹൗ ഓൾഡ് ആർ യു”, ഉയരെ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സാറാസ്, ലോക, ഫെമിനിച്ചി ഫാത്തിമ തുടങ്ങി നിരവധി സിനിമകൾ. വെറും ‘നായിക’ എന്നതിലുപരി സങ്കീർണ്ണമായ വികാരങ്ങളും തനതായ സ്വത്വവുമുള്ള സ്ത്രീ കഥാപാത്രങ്ങൾ ഈ സിനിമകളിൽ കാണാൻ സാധിച്ചു.
പഴയകാല സിനിമകളിൽ നായികമാർ ഒരു വശത്ത് മാത്രം ഒതുങ്ങിനിന്ന സ്ത്രീ കഥാപാത്രങ്ങളിൽ നിന്നും മാറി, സ്വന്തം തീരുമാനങ്ങളെടുക്കുന്ന ശക്തരായ സ്ത്രീകളെയാണ് ‘ഉയരെ’, ‘ഹെലൻ’, ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങിയ സിനിമകളിൽ കാണാൻ കഴിഞ്ഞത്.
‘ഉയരെ’ സിനിമയിലെ സമീറ ആസിഡ് ആക്രമണത്തെ അതിജീവിച്ച് പൈലറ്റാകാൻ ശ്രമിക്കുന്നതും , ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ അടുക്കളയിൽ നിന്നും അവൾ ആഗ്രഹിച്ച ഒരു ജീവിതത്തിലേക്ക് എത്തിച്ചേരുന്നതുമെല്ലാം സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. കല്യാണി പ്രിയദർശൻ ‘ലോക’ സിനിമയിലൂടെ ആദ്യ വനിതാ സൂപ്പർ ഹീറോ ആയി മാറി.
സിനിമയിലെ കഥാപാത്രങ്ങൾ മാത്രമല്ല സംവിധാനത്തിലും, തിരക്കഥയിലും സിനിമയുടെ മറ്റ് എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവ് തെളിയിച്ചു തുടങ്ങി. അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, രേവതി, വിദു വിൻസെന്റ്, സൗമ്യ സദാനന്ദൻ തുടങ്ങി നിരവധി വനിതകളുടെ കൈയ്യൊപ്പുള്ള സിനിമകൾ സമൂഹത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.
സ്ത്രീകളുടെ കഥകൾ പറയുന്ന സിനിമകൾ ഇന്ന് പ്രേക്ഷകർ കൂടുതൽ സ്വീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. പോരാട്ടത്തിന്റെ ശക്തമായ ശബ്ദമായി മലയാള സിനിമയിലെ സ്ത്രീപക്ഷ സിനിമകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിൽ സ്ത്രീയുടെ ശബ്ദവും സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുന്ന ഇത്തരം സിനിമകൾ മലയാള സിനിമയെ കൂടുതൽ സമ്പന്നമാക്കുമെന്നത് ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

