
മലയാള സംഗീതത്തിന് ലോകവേദിയിൽ അഭിമാനകരമായ നേട്ടം കൈവന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം റീലുകളിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറിയ അലക്സോ മാരിയാക്കിന്റെ ‘അംശം’ എന്ന മലയാള ഗാനം ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് ഇതര ഭാഷയിലുള്ള ഒരു ഇന്ത്യൻ ഗാനം ഇത്ര വലിയ ആഗോള മുന്നേറ്റം നടത്തുന്നത് സംഗീത ലോകത്ത് അപൂർവ്വമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 4.1 മില്യൺ (41 ലക്ഷം) കാഴ്ചക്കാരെ സ്വന്തമാക്കാൻ ഈ ഗാനത്തിന് കഴിഞ്ഞു. ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയും ആർടിആറും ചേർന്ന് പുറത്തിറക്കിയ ഈ ഗാനം പ്രാദേശികമായ തനിമയും ആഗോള നിലവാരത്തിലുള്ള സംഗീതവും കൂടിച്ചേർന്നതാണ്. രാജ്യത്തെ ഏറ്റവും മുൻനിരയിലെ പുരോഗമനാത്മകമായ ആശയങ്ങൾക്ക് പേരുകേട്ട നാല് കലാകാരന്മാർ, അയ്സോ മേനിയാക്, ഭൂമി, എം.എച്ച്. ആർ, സർക്കിൾ ടോൺ എന്നിവർ ഒന്നിക്കുന്ന ഈ ട്രാക്ക്, സംഗീതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന നൂതനമായ ഒരനുഭവം ആണ് സമ്മാനിക്കുന്നത്.
മന്മതന്റെ പുരാണ കഥകളിൽ നിന്നും പത്മരാജന്റെ വിഖ്യാത മലയാള ചിത്രമായ ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രണയം, ആകാംക്ഷ, നശ്വരത എന്നീ പ്രമേയങ്ങളെയാണ് ഗാനം പ്രതിനിധീകരിക്കുന്നത്. മരണമില്ലാത്ത അവസ്ഥയും പ്രണയവും ഓർമ്മകളും അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹവും ഇത് രണ്ടിനുമിടയിൽ പെട്ടുപോകുന്ന ഒരു ഗന്ധർവ്വന്റെ മാനസിക സംഘർഷം ആണ് ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
“തന്റെ പങ്കാളിയോട് ഒരു തമാശയായി തുടങ്ങിയ പാട്ട് ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല” എന്ന് ആണ് അലക്സോ മാരിയാക്ക് പ്രതികരിച്ചത്. ഈ ആഗോള അംഗീകാരം തന്റെ പ്രവർത്തിയിലുള്ള വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊക്കക്കോള കമ്പനിയും ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയും ചേർന്നൊരുക്കുന്ന ആർടിആർ (RTR) പോലുള്ള പ്ലാറ്റ്ഫോമുകൾ പ്രാദേശിക സംഗീതത്തിന് നൽകുന്ന പിന്തുണ ഇത്തരം നേട്ടങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രാദേശിക ഇന്ത്യൻ സംഗീതം ആഗോള പോപ്പ് സംസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ശക്തമായ ഉദാഹരണമായി ‘അംശം’ മാറുകയാണ്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

